മഴക്കാറ് കണ്ടാൽ ഭീതിയാണ് ഉടുമ്പന്‍ചോലക്ക്; ടോമിക്ക് മറക്കാൻ കഴിയില്ല ആ ദിനം
text_fieldsകനത്ത മഴയെത്തുടർന്ന് 2019ൽ തൂവൽ പാലത്തിൽ വെള്ളം കയറിയപ്പോൾ (ഫയൽ ചിത്രം)
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം മഴക്കാറ് കാണുമ്പോഴേ ഭീതിയിലാണ് ഉടുമ്പന്‍ചോല താലൂക്ക് നിവാസികള്‍ക്ക്. 1992 നവംബര്‍ 13ന് കോമ്പയാര്‍ ആനക്കല്ലിലുണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു. 11കാരിയെ മാത്രം തനിച്ചാക്കി കുടുംബത്തിലെ മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാലുപേരെയാണ് ഉരുള്‍ കവർന്നത്.
പാലാര്‍ പൊട്ടംപ്ലാക്കല്‍ മോഹനന്, ഭാര്യ ആനന്ദവല്ലി, മക്കളായ രമ്യ, ദിവ്യ എന്നിവരാണ് മരിച്ചത്. ധന്യയെ മാത്രം ദുരന്തം അവശേഷിപ്പിച്ചു. അതിനുശേഷവും താലൂക്കില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായി. 2018ല്‍ നെടുങ്കണ്ടത്തിനു സമീപം പത്തുവളവില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതാണ് മറ്റൊരു സംഭവം.
താറാവിളയില്‍ പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകള്‍ ജോളി എന്നിവരാണ് മരിച്ചത്. വീടിെൻറ മുകളിലേക്ക് കനത്ത മഴയില്‍ മലയിടിഞ്ഞു വീഴുകയായിരുന്നു. ഓരോവര്‍ഷവും താലൂക്കില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. താലൂക്കില്‍ ഓരോ വര്‍ഷവും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളാണ് ഒലിച്ചുപോകുന്നത്.
നെടുങ്കണ്ടം കട്ടക്കാല, മാവടി, മേലേചെമ്മണ്ണാര്‍, പൊന്നാമല, കോമ്പയാര്‍ പട്ടത്തിമുക്ക്, ചെമ്മണ്ണാര്‍ ആട്ടുപാറ പെരുമാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാവാറുള്ളത്. കൂടാതെ പാമ്പുപാറ, പള്ളിക്കുന്ന്, ഏഴരയേക്കര്‍, മാവറസിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ പതിവാണ്. പെയ്തിറങ്ങുന്ന ഓരോ കനത്ത മഴയിലും നുറുകണക്കിന് വീടുകളിലാണ് വെള്ളംകയറുന്നത്.
ടോമിക്ക് മറക്കാൻ കഴിയില്ല ആ ദിനം
ഉരുള്‍പൊട്ടലിനെക്കുറിച്ച് കേട്ടാൽ വിറങ്ങലിച്ചുനില്ക്കുന്നവരാണ് മുണ്ടിയെരുമ മുരുകന്വയലില് ടോമിയും കുടുംബവും. 10 വര്‍ഷം മുമ്പ് ഡിസംബര്‍ 23ന് ഉള്ളുലക്കുന്ന ആ ദൃശ്യമാണ് ഇവരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. വലിയ ശബ്ദത്തോടെ ഭയാനകമായ കല്ലുകള്‍ വീട്ടിലേക്ക് പതിച്ചു. മകൾ കിടന്ന കട്ടിലില്‍ 10 കിലോയിലധികം തൂക്കം വരുന്ന കല്ലാണ് വീണത്. ആ സമയം മകൾ വരാന്തയിലിരുന്ന് പഠിക്കുകയായിരുന്നു. അഞ്ചു സെക്കൻഡിെൻറ വ്യത്യാസത്തിലാണ് മകള്‍ രക്ഷപ്പെട്ടത്. ആ സംഭവത്തിനു ശേഷം ചെറിയ ശബ്ദം പോലും ഭീതി വിതക്കുകയാണെന്ന് ടോമി പറയുന്നു. മഴക്കാലത്തല്ല സംഭവം. വലിയ പാറകൾ ഭയാനകമായ ശബ്ദത്തോടെ ചുവടിളകി ഉരുണ്ട് വന്നതാണ്. കല്ലുകള്‍ വീടിന് വലതുവശത്തൂടെ ഇരച്ചെത്തവെ വീട്ടുകാര്‍ ഇടതുവശം ചേര്‍ന്ന് ഓടി രക്ഷപ്പെട്ടു.
കല്ലാർ അണക്കെട്ട് തുറന്നാൽ വീടും കൃഷിയും വെള്ളത്തിൽ
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ നീരൊഴുക്ക് വര്‍ധിക്കുന്നതോടെ കല്ലാര്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരും. മണ്ണും, കല്ലും, മരങ്ങളും ചളി വെള്ളവും കുത്തിയൊലിച്ച് കോമ്പയാര്‍ പുഴയിലൂടെ കല്ലാര്‍ പുഴയിലേക്കാണ് എത്തുന്നത്. താന്നിമൂട് വഴി വെള്ളം കല്ലാറ്റില്‍ എത്തുമ്പോള്‍, കല്ലാര്‍ ഡാമില്‍ ജലനിരപ്പ് ഉയരും. കല്ലാര്‍ ഡൈവേര്ഷന് ഡാമില്‍ ജലനിരപ്പ് 824.5 അടി എത്തുന്നതോടെ ഡാമും തുറക്കും. ഇതുമൂലം നിരവധി വീടുകളിലും കൃഷി സ്ഥലങ്ങളും വെള്ളത്തിലാകും. കിലോമീറ്ററുകള്‍ ആഴത്തിലാണ് ടണല്‍ നിര്‍മാണം. എന്തെങ്കിലും ടണലില്‍ തടസ്സമുണ്ടായാല്‍ കല്ലാറില്‍ ജലനിരപ്പ് ഉയരും. ടണല്‍ സ്ഥിതിചെയ്യുന്നതിനു സമീപത്തായി 15 വീടുകളുണ്ട്. മേഖലയില്‍ ആയിരക്കണക്കിനു വീടുകളും. കനത്ത മഴ ശക്തിയായി തുടര്‍ന്നാല്‍ നെടുങ്കണ്ടം ടൗണിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകും.
മണ്ണിടിച്ചിൽ ആശങ്കയിൽ പരിവർത്തനമേട്
തുടര്‍ച്ചയായി വീടിന് സമീപത്തുനിന്ന് മണ്ണിടിയുന്നതിെൻറ ആശങ്കയിലാണ് നെടുങ്കണ്ടം പരിവര്‍ത്തനമേട്ടിലെ കുടുംബങ്ങള്‍. മന്നിക്കല്‍ ശശി, ഈന്തനാനിക്കല് ഓമന എന്നിവരുടെ വീടുകളുടെ സമീപത്ത് പലതവണ മണ്ണിടിഞ്ഞു. മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഈ വീടുകളുടെ സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. വെള്ളം ഇറങ്ങി, മണ്ണ് വിണ്ടുകീറി ഇരിക്കുന്നതും അപകടാവസ്ഥ വര്‍ധിപ്പിക്കുന്നു. രാത്രിയില്‍ മഴ കനക്കുേമ്പാൾ പ്രായമായവരും കുട്ടികളുമായി അയല്‍ വീടുകളിലക്ക് പോകേണ്ട അവസ്ഥയിലാണ്.വീടിന് മുകള്‍ഭാഗത്തുകൂടി കടന്നുപോകുന്ന ഗ്രാമീണ പാതയിലെ കല്‍ക്കെട്ട് തകരുമോ എന്ന ആശങ്കയുമുണ്ട്. വാസയോഗ്യമായ പ്രദേശത്ത് വീടൊരുക്കിനല്‍കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് പലരുടെയും ആവശ്യം.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

