ത്രിവേണി സംഗമം അത്ര സുരക്ഷിതമല്ല
text_fieldsകഴിഞ്ഞ ദിവസം രണ്ടുപേർ ഒഴുക്കിൽപെട്ട ത്രിവേണി സംഗമം
മൂലമറ്റം: കനാലിലും ത്രിവേണി സംഗമത്തിലും കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് പതിവാകുമ്പോൾ സുരക്ഷ മാർഗങ്ങൾ തയാറാക്കാൻ നടപടിയില്ല. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം ഒഴുക്കുന്നത് മൂലമറ്റം ടൗൺ മധ്യത്തിലൂടെ നിർമിച്ച കനാൽ വഴിയാണ്.
വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണമനുസരിച്ച് കനാലിലെ ജലനിരപ്പും ഒഴുക്കും കൂടിയും കുറഞ്ഞുമിരിക്കും. അപ്രതീക്ഷിതമയുണ്ടാകുന്ന ഒഴുക്ക് കുളിക്കാനിറങ്ങുന്നവരെ അപകടത്തിലാക്കും. നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസം ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയവർ ഒഴുക്കിൽപെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല.
മൂലമറ്റം കനാലിൽ വീണ് അപകടം ഒഴിവാക്കാൻ കെ.എസ്.ഇ.ബി പദ്ധതി തയാറാക്കുമെന്ന് പറഞ്ഞിരുന്നു. അലാം അടക്കം സംവിധാനങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ല.
അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങൾ വെച്ചിരുന്നെങ്കിലും നാലുവർഷം പിന്നിട്ടെങ്കിലും നടപടിയായില്ല. വൈദ്യുതി നിലയത്തിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ അപകടസാധ്യയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയാൽ ഇത്തരം അപകടങ്ങളൊഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

