ആദിവാസി ഭൂമി വ്യാപകമായി തട്ടിയെടുക്കുന്നു; പിന്നിൽ വൻകിട ഭൂമാഫിയ
text_fieldsവാളറ കുളമാംകുഴി ഉന്നതിയിൽ മരങ്ങൾ കത്തിച്ച നിലയിൽ
അടിമാലി: ദേവികുളം താലൂക്കിൽ ആദിവാസികളുടെ ഭൂമി വ്യാപകമായി നഷ്ടപ്പെടുന്നു. പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്യുന്നതിന്റെ പേരിലാണ് കൂടുതൽ ഭൂമി ആദിവാസികൾക്ക് നഷ്ടമാകുന്നത്. ഇതിന് പുറമെ ദാരിദ്ര്യം, രോഗം മുതലായവയുടെ പേരിലും ചൂഷണത്തിലൂടെ ഇവരിൽനിന്ന് ഭൂമി പലരും തട്ടിയെടുക്കുന്നുണ്ട്.
നേര്യമംഗലം, അടിമാലി, മൂന്നാർ, മാങ്കുളം, ദേവികുളം റേഞ്ചുകളിലായി ഹെക്ടർ കണക്കിന് സ്ഥലമാണ് ആദിവാസികൾക്ക് നഷ്‌ടമായിട്ടുള്ളത്. അടിമാലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭൂമി ആദിവാസികൾക്ക് നഷ്‌ടമായത്. അടുത്തിടെ വാളറ കുളമാംകുഴി ആദിവാസി ഉന്നതിയിൽ പുറമെ നിന്നെത്തിയ ആൾ ആദിവാസിയുടെ ഭൂമി വാങ്ങുകയും മരങ്ങൾ വരെ നശിപ്പിച്ച് ഭൂമിയിൽ കൃഷി തുടങ്ങുകയും ചെയ്തു.
കുരങ്ങാടി, തലമാലി, പ്ലാമല, കട്ടമുടി, വട്ടയാർ മേഖലയിൽ ആദിവാസികളുമായി കൂട്ടുകൃഷി എഗ്രിമെന്റുണ്ടാക്കിയ ശേഷം വനഭൂമിയടക്കം കൈയേറി ഏലം കൃഷി ചെയ്യുന്നു. വനപാലകരാകട്ടെ പലതും കണ്ടില്ലെന്നും നടിക്കും. അഞ്ച് മുതൽ 25 ഏക്കർ വരെ വനഭൂമി സ്വന്തമാക്കി ഇത്തരത്തിൽ ഏലക്കൃഷി ചെയ്യുന്നവരുണ്ട്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചിന്നക്കനാൽ പഞ്ചായത്തിൽ 301 കോളനിയിൽ കുടിയിരുത്തിയ ആദിവാസികളിൽ ഭൂരിഭാഗം ആളുകളുടെ ഭൂമിയും ഇപ്പോൾ റിസോർട്ട്, റിയൽ എസ്റ്റേറ്റ് ഇടപാടുകാരുടെ കൈകളിലാണ്. ആനത്താരയിൽ ഭൂമി നൽകിയതിനാൽ കാട്ടാനശല്യത്തെ തുടർന്ന് നാടുവിട്ടവരുടെ ഭൂമിയാണ് ചുളുവിലക്ക് ചിലർ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം വനഭൂമി തിരിച്ചുപിടിച്ചപ്പോൾ വൻ മരങ്ങൾ തുളച്ച് ഉരുക്കുവടം സ്ഥാപിച്ച് കാട്ടാനത്താര തടഞ്ഞത് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംഭവങ്ങൾ മേഖലയിലുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

