മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsമൂന്നാർ ജി.എച്ച് റോഡിൽ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ട നിര
മൂന്നാർ: വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ മൂന്നാറിൽ തിരക്കും വാഹനക്കുരുക്കും. കോവിഡിന് ശേഷം ആദ്യമായാണ് ഇത്രയും സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക് എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്.
ടൗണിലെ ജി.എച്ച് റോഡിൽ രോഗികളുമായി വന്ന രണ്ട് ആംബുലൻസും വാഹനക്കുരുക്കിൽ അകപ്പെട്ടു.
രാജമലയുടെ പ്രവേശനകവാടമായ അഞ്ചാംമൈലിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പ്രധാന റോഡിന് ഇരുവശവും നിർത്തിയിടുന്നത് രൂക്ഷമായ കുരുക്കിന് കാരണമാവുന്നു. ടൗണിൽ മുസ്ലിം പള്ളിക്ക് മുന്നിലും ഇതേ അവസ്ഥയാണ്.
ടൗണിൽനിന്ന് പത്ത് കിലോമീറ്ററുള്ള മാട്ടുപ്പെട്ടിയിലേക്ക് ഗതാഗതക്കുരുക്കുമൂലം ഒന്നരമണിക്കൂർ വരെയെടുത്താണ് വാഹനങ്ങൾ എത്തിയത്. സാധാരണ മധ്യവേനലവധി തുടങ്ങുന്നതിന് മുമ്പ് ഗതാഗത ഉപദേശകസമിതി ചേർന്ന് ട്രാഫിക് പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള നടപടി സ്വീകരിക്കാറുള്ളതാണ്.
ഇക്കുറി അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസുകാരെ സ്പെഷൽ ഡ്യൂട്ടിക്ക് അയച്ചതിനാൽ മൂന്നാറിൽ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസും ഇല്ലാത്ത സ്ഥിതിയാണ്.
ഏകദിന സന്ദർശനത്തിന് എത്തുന്ന സഞ്ചാരികൾക്ക് റോഡിലെ തിരക്കുമൂലം അവർ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെല്ലാം കാണാൻ സമയം കിട്ടുന്നില്ല. മേയ് ഒന്നുമുതൽ മൂന്നാർ പുഷ്പമേളയും തുടർന്ന് മൂന്നാർ മേളയും നടക്കുകയാണ്. ഇതുമൂലം ടൂറിസ്റ്റുകളുടെ വൻ ഒഴുക്ക് പ്രതീക്ഷിക്കാം. ഗതാഗത നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ എത്തുന്ന സഞ്ചാരികളുടെ വിലയേറിയ സമയം മുഴുവൻ റോഡിലെ കുരുക്കിൽ തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

