സഞ്ചാരികൾ ചോദിക്കുന്നു; തേക്കടിയിൽ എന്ന് ലഭിക്കും നല്ല ഭക്ഷണം
text_fieldsതേക്കടി ബോട്ട്ലാൻഡിങ്ങിലെ ലഘുഭക്ഷണശാല കെട്ടിടം
കുമളി: സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ ദുരിതം തീരുന്നില്ല. ബോട്ട് സവാരിക്കായി തേക്കടിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഒരുനേരത്തെ നല്ല ഭക്ഷണം നൽകാൻപോലും വനം വകുപ്പിനാവുന്നില്ല.
അഞ്ച് വർഷം മുമ്പ് നിർമാണം തുടങ്ങിയ ലഘുഭക്ഷണശാല കെട്ടിടം ഇപ്പോഴും തുറന്നു പ്രവർത്തിപ്പിക്കാനാകാതെ കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലനിൽക്കുന്നു. ഒരു കോടിയിലധികം ചെലവിട്ട് ബോട്ടിന്‍റെ മാതൃകയിൽ, ആധുനികരീതിയിൽ നിർമിച്ച കെട്ടിടത്തിൽ ഫർണിച്ചർ കൂടി ഒരുക്കിയാൽ പ്രവർത്തനക്ഷമമാകും.
എന്നാൽ, അധികൃതർ ഇതിന് തയാറാകാകുന്നില്ല. കടുവ സങ്കേതത്തിലെ വിവിധ ഇക്കോ ടൂറിസം പരിപാടികൾ, ബോട്ട് സവാരി എന്നിവക്കായി അതിരാവിലെ തന്നെ തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക്, പണി പൂർത്തിയായിട്ടും തുറക്കാത്ത കെട്ടിടം കണ്ട് ഭക്ഷണം കഴിക്കാതെ നിരാശരായി വേണം മടങ്ങാൻ.
വൻ തുക ചെലവഴിച്ച് ബഹുനില കെട്ടിടം നിർമിച്ചതോടെ ഇതിന് അവകാശവാദമുന്നയിച്ച് വനപാലകരുടെ സൊസൈറ്റി രംഗത്തുവന്നത് പ്രശ്നമായിട്ടുണ്ട്. മുമ്പ് ലഘുഭക്ഷണശാല നടത്തി കടത്തിൽ മുങ്ങിയെന്ന് വ്യക്തമാക്കിയ സൊസൈറ്റി അധികൃതർക്ക് പുതിയ കെട്ടിടം വിട്ടുനൽകുന്നതിൽ നാട്ടുകാരിലും വലിയ എതിർപ്പാണ് നിലനിൽക്കുന്നത്.
ബോട്ട്ലാൻഡിങ്ങിൽ നിർമിച്ച പുതിയ കെട്ടിടം ഏറ്റവും വേഗം കെ.ടി.ഡി.സി, ഇന്ത്യൻ കോഫി ഹൗസ് പോലുള്ള സ്ഥാപനങ്ങൾക്ക് വിട്ടുനൽകി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടതോടെ കെട്ടിടത്തിലെ മേൽക്കൂര, ഗ്ലാസ് ഡോറുകൾ എന്നിവ നശിച്ചു തുടങ്ങി.
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദേശ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയ ഘട്ടത്തിലും നല്ല ഭക്ഷണത്തിനായി സൗകര്യം ഒരുക്കാത്ത വനം വകുപ്പിന്‍റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

