മൂന്നാറിൽ ടൂറിസം പൊലീസ് സ്റ്റേഷൻ പരിഗണനയിൽ -മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsമൂന്നാറിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സംസാരിക്കുന്നു
മൂന്നാർ: മൂന്നാറിൽ ടൂറിസം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആലോചിച്ച് തീരുമാനിക്കുമെന്ന് ടൂറിസം-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. മൂന്നാറിൽ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസ്റ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഇടുക്കി ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർ അതിർത്തി ജില്ലയിലെ കലക്ടർ, പൊലീസ് മേധാവി എന്നിവരുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കും. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുകൾക്ക് കിറ്റ്സിന്റെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്‌റ്റഡീസ്) കീഴിൽ പരിശീലനം നൽകും. പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി വിട്ടുകിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് എലിവേറ്റഡ് പാത എന്ന ആശയം ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യും. 2025ൽ മൂന്ന് കോടി സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. കോവിഡിന് ശേഷം ഇത്രയും ടൂറിസ്റ്റുകൾ എത്തിയ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമില്ല. ഇവിടെ അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രങ്ങളിലുള്ളത് പോലുള്ള ടോയ്‌ലറ്റ് സംവിധാനം ടൂറിസം വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. മാലിന്യ സംസ്കരണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കും. റോഡുകൾ വീതി കൂട്ടുന്നതിന് ഭൂമി വിട്ടുകിട്ടുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാറിന്റെ ഇടപെടലുണ്ടാകും. അഡ്വഞ്ചർ ടൂറിസം ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യമനുസരിച്ചാണ് നടപ്പിലാക്കേണ്ടത്. മൂന്നാർ പോലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി, എഫ്. രാജ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല സ്റ്റീഫൻ, വൈസ് പ്രസിഡൻറ് ടി.എസ്. സിദ്ദിഖ്, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ എം. അഞ്ജന, ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ്കലക്ടർ വി.എം. ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

