വെള്ളവും വെളിച്ചവും ഇല്ലാതെ കാളിയാറിലെ ശൗചാലയം
text_fieldsകാളിയാറിലെ ശൗചാലയം
കാളിയാർ: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി കാളിയാറിലെ ശൗചാലയത്തിന്റെ ഫ്യൂസ് ഊരി. ഇപ്പോൾ ഇവിടെ വെള്ളവും വെളിച്ചവും ഇല്ല.
ഒരുമാസം മുമ്പാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിമാറ്റി സീൽ ചെയ്തത്. എന്നാൽ, ബില്ലടക്കാതെ തന്നെ ആരോ വൈദ്യുതി പുനഃസ്ഥാപിച്ചു. 786 രൂപയാണ് അടക്കാനുള്ളത്. ഇതിന് പുറമെ വിച്ഛേദിച്ച ബന്ധം കെ.എസ്.ഇ.ബിയുടെ അനുമതി കൂടാതെ പുനഃസ്ഥാപിച്ചതിന് പിഴയും അടക്കണം.
വണ്ണപ്പുറം പഞ്ചായത്ത് പത്താം വാർഡിലെ ബസ്സ്റ്റാൻഡിനോട് ചേർന്ന് 10.16 ലക്ഷം രൂപ മുടക്കിയാണ് ശൗചാലയം നിർമിച്ചത്. ഇവിടെ എത്തി കാര്യം നടത്തിക്കഴിഞ്ഞ് ടാപ്പ് തുറക്കുമ്പോഴാണ് വെള്ളം ഇല്ലെന്ന കാര്യം അറിയുക. ഇപ്പോൾ ശൗചാലയവും പരിസരവും ആകെ ദുർഗന്ധപൂരിതമാണ്.

