Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ന് ലഹരി വിരുദ്ധ...

ഇന്ന് ലഹരി വിരുദ്ധ ദിനം; പരിശോധനകൾ തകൃതി, കുറയാതെ ലഹരിക്കേസുകൾ

text_fields
bookmark_border
ഇന്ന് ലഹരി വിരുദ്ധ ദിനം; പരിശോധനകൾ തകൃതി, കുറയാതെ ലഹരിക്കേസുകൾ
cancel

തൊടുപുഴ: ലഹരിക്കെതിരെ പൊലീസ്-എക്സൈസ് അടക്കമുള്ള വിവിധ വിഭാഗങ്ങൾ പരിശോധനകൾ സജീവമാക്കുമ്പോഴും കുറയാതെ ലഹരിക്കേസുകൾ. ലഹരിയുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ ഓരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടേയും പടിയിലാകുന്ന പ്രതികളുടേയും എണ്ണത്തിൽ കാര്യമായ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ സർക്കാർ മാറ്റത്തോടെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനോട്ടത്തിൽ ലഹരിക്കെതിരെ ഓപറേഷൻ തൂഫാൻ നടപടികളും സജീവമായി തുടരുന്നുണ്ട്. എന്നാൽ, ലഹരിക്കണ്ണികളുടെ വേരറുക്കാൻ ഇത്തരം നടപടികൾക്കൊന്നും കഴിയുന്നില്ലെന്നാണ് കേസുകളുടെ എണ്ണം തെളിയിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ എക്സൈസ് വകുപ്പ് മാത്രം രജിസ്റ്റർ ചെയ്തത് 1348 എൻ.ഡി.പി.എസ് കേസുകളാണ്. ഈ കേസുകളിലായി പിടിയിലായത് 1237 പേരുമാണ്. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടേയും പിടിയിലായ പ്രതികളുടേയും എണ്ണമെടുത്താൽ യാഥാർഥ കണക്ക് ഇതിലിരട്ടിയിലേറെ വരും.

എക്സൈസ് വലയിലായത് 1237 രാസലഹരിക്കടത്തുകാർ

എക്സൈസ് വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ല‍യിൽ പിടിയിലായത് 1237 രാസലഹരിക്കേസ് പ്രതികളാണ്. 1348 കേസുകളിലായാണിത്. ഇതിന് പുറമേ അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട് 1368 പേരാണ് പിടിയിലായത്. 1415 അബ്കാരി കേസുകളിലായാണ് ഈ പ്രതികൾ വലയിലായത്.

പിടിയിലാകുന്നവരിൽ ഭൂരിഭാഗവും സ്ഥിരം ലഹരിക്കേസുകളിൽ പ്രതികളാകുന്നവരാണെന്നതാണ് പ്രത്യേകത. ഇക്കൂട്ടത്തിൽ പെൺകുട്ടികളുമുണ്ട്. കൗമാരക്കാരെയും യുവജനങ്ങളേയും ലക്ഷ്യമിട്ടാണ് ലഹരി മാഫിയ‍യുടെ പ്രവർത്തനം. ലഹരി വസ്തുകൾ കടത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമെല്ലാം അവർ ഈ സംവിധാനങ്ങൾ തന്നെയാണ് മറയാക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം മറയാക്കിയാണ് സംഘങ്ങളുടെ പ്രവർത്തനം.പ്രതിരോധം പാളുന്നു

ലഹരിമാഫിയയെ തുരത്തുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കർമപദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പാളുകയാണെന്നാണ് ആക്ഷേപമുയരുന്നത്. എൻഫോഴ്സ്മെന്‍റ് നടപടികളോടൊപ്പം യുവാക്കളേ‍യും വിദ്യാർഥികളേയും ലക്ഷ്യമിട്ട് വിവിധ ബോധവത്കരണ പരിപാടികൾ നടത്തിയുമാണ് എക്സൈസ് വകുപ്പ് ലഹരിമാഫിയക്കെതിരെ പ്രതിരോധം തീർത്തിരുന്നത്. ഇതിനായി രൂപവത്കരിച്ച വിമുക്തി മിഷന് കീഴിലാണ് പദ്ധതികളുടെ ഏകോപനം.

എന്നാൽ, മിഷൻ പ്രവർത്തനങ്ങൾ താഴേതട്ടിലേക്കെത്തിയില്ല എന്നാണ് പരാതിയുയരുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ രൂപവത്കരിച്ച ലഹരിവിരുദ്ധ ക്ലബുകളും വാർഡ് തലത്തിൽ രൂപവത്കരിച്ച ജാഗ്രത സമിതികളുമെല്ലാം ഇതോടെ പ്രഹസനങ്ങളായി മാറിയതായും ആരോപണമുയർന്നിരുന്നു.

ജില്ലയില്‍ ഇന്ന് വിപുലമായ പരിപാടികള്‍

ഇടുക്കി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഓപറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ നടക്കുക. തൊടുപുഴ പൊലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് ഉച്ചകഴിഞ്ഞ് രണ്ടിന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.

ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടന്‍ ആസിഫ് അലി വിശിഷ്ടാതിഥിയാകും. പരിപാടിയോടനുബന്ധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്ന് ന്യൂമാന്‍ കോളജിലേക്ക് വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും അണിനിരക്കുന്ന ലഹരിവിരുദ്ധ സന്ദേശ റാലി നടക്കും.

മൂന്നാര്‍ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ അവബോധ ക്ലാസ് എന്നിവ സംഘടിപ്പിക്കും.

രാവിലെ 11.30 ന് നല്ലതണ്ണി ജങ്ഷനില്‍ നിന്ന് ലഹരി വിരുദ്ധ റാലി ആരംഭിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടി ഉച്ചക്ക് 12ന് എഫ്. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പീരുമേട് പൊലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ അവബോധ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10ന് അഡ്വ. സിറിയക് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വര്‍ഗീസ് അധ്യക്ഷത വഹിക്കും.

കട്ടപ്പന സബ് ഡിവിഷനു കീഴില്‍ ബൈക്ക് റാലി, എസ്.പി.സി കാഡറ്റുകളുടെ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. ഇടുക്കി സബ് ഡിവിഷനു കീഴില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ബൈക്ക് റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIdukki NewsinspectionsAnti-Drug Day
News Summary - Today is Anti-Drug Day; Inspections are regular, drug cases are not decreasing
Next Story