പുലി, കാട്ടാന, കാട്ടുപന്നി, ഞങ്ങളെന്ത് ചെയ്യും; ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷം
text_fieldsതൊടുപുഴ: ഒരിടവേളക്ക് ശേഷം വന്യ മൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി ഭീതി വിതക്കുകയാണ്. പുലിയും കാട്ടുപന്നിയും കാട്ടാനയുമൊക്കെ കാർഷിക മേഖലയിൽ തമ്പടിക്കുന്നു. മൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങുമ്പോൾ അധികൃതരെത്തി പരിശോധിച്ച് മടങ്ങുന്നതല്ലാതെ ഇവയെ തിരികെ കയറ്റി വിടുന്നതിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുകയാണ്. കൃഷിക്കും വീടിനുമടക്കം നാശം വിതച്ചാണ് ഇവയുടെ വിളയാട്ടം.
വീട്ടുമുറ്റത്തെത്തിയ പുലി വളർത്ത് നായെ കൊന്നു
മൂന്നാറിൽ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തു നായെ കൊന്നു. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിലാണ് പുലിയെത്തിയത്. പ്രദേശവാസിയായ രവിയുടെ വളർത്തുനായയെയാണ് പുലി ആക്രമിച്ചത്. നായയെ കാണാതായതോടെ കഴിഞ്ഞ ദിവസം വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുമ്പും നിരവധി വളർത്തു മൃഗങ്ങൾ വന്യ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
കടുവ, പുലി, കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യമുണ്ടായിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
സ്വൈര്യം കെടുത്തി കാട്ടുപന്നികൾ
ഇടുക്കി: ജനവാസ മേഖലയിൽ കാട്ടുപന്നി ശല്യവും വർധിക്കുകയാണ് . നേരത്തേ കൃഷി വിളകളാണ് കൂടുതലായും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുകയാണ് . ഇതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം കട്ടപ്പന നത്തുകല്ലിൽ നടന്ന സംഭവം. നെയ് വേലിക്കുന്നേൽ സെബാസ്റ്റ്യൻ കുര്യൻ തലനാരിഴക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.
പകൽ വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും ഇദ്ദേഹത്തിന്റെ മുൻപിലേക്ക് എടുത്തുചാടിയത്. ശബ്ദം കേട്ടതോടെ ഓടി വീടിനകത്ത് കയറിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. ഇതിനുശേഷം വീണ്ടും സമീപത്തെ കൃഷിയിടത്തിൽ ഈ കാട്ടുപന്നികളെ സമീപവാസികൾ കണ്ടതായി പറയുന്നുണ്ട് .
രാത്രിയിലും പകലും ഒരുപോലെ ഇപ്പോൾ വീടിനു പുറത്തേക്ക് ഇറങ്ങണമെങ്കിൽ ഭയപ്പാടോടെ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലെന്നും ഇദ്ദേഹം പറയുന്നു. രാത്രി സമയങ്ങളിലാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽസമയത്തും ഇവയുടെ ശല്യമുണ്ട്. കിഴങ്ങു വർഗ്ഗത്തിൽ പെട്ട കൃഷികൾ ഒന്നും നട്ടു പിടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ധൈര്യമായി കൃഷിയിടത്തിൽ ഇറങ്ങാനും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപ്പുതറ കാക്കത്തോട് മേഖലയിൽ കാട്ടാന ശല്യം
ഉപ്പുതറ: കാക്കത്തോട് മേഖലയിൽ കാട്ടാന ശല്യം പതിവാകുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാക്കത്തോട്ടിലെയും പരിസര മേഖലകളിലെയും കൃഷിയിടങ്ങളിൽ കാട്ടാനകൾ പതിവായി എത്തുകയാണ്. വൻ കൃഷിനാശമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വിതച്ചിരുന്നു. ജെയ്സ് ജോസഫിന്റെ കൃഷിയിടത്തിലെ 70 ഏലച്ചെടികളും ഷിന്റോയുടെ കൃഷിയിടത്തിലെ 20 ഏലച്ചെടികളും വാഴയും നശിപ്പിച്ചു.
കെ.എം.വർക്കിയുടെ ഭൂമിയിലെ അഞ്ച് ഏത്തവാഴകൾ, അഞ്ച് കമുക് തുടങ്ങിയവ നശിപ്പിച്ചു. ഏലത്തിന് ജലസേചന സൗകര്യമൊരുക്കാനായി സ്ഥാപിച്ചിരുന്ന ഹോസുകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കൃഷിയിടങ്ങളിൽ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചിരുന്നു. കാക്കത്തോട്ടിലെ ജനവാസ മേഖലയിൽ സ്ഥിരമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനായി ആർ.ആർ.ടി. സംഘത്തെ സ്ഥലത്ത് നിയോഗിച്ചു.
കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിയെടുക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. പണി പൂർത്തിയാക്കിയ ഭാഗത്തെ ഹാങ്ങിങ് ഫെൻസിങ് 15 ദിവസത്തിനകം ചാർജ് ചെയ്യാൻ കരാറുകാരന് അദ്ദേഹം നിർദേശം നൽകി. അവശേഷിക്കുന്ന പണികൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇടമലക്കുടിയിൽ കാട്ടാന വീട് തകർത്തു; വ്യാപകമായി കൃഷിയും നശിപ്പിച്ചു
വീട്ടിലുള്ളവർ മറ്റൊരു കുടിയിലെ ബന്ധു വീട്ടിൽ പോയതിനാൽ ദുരന്തം ഒഴിവായി
അടിമാലി: ഇടമലക്കുടിയിൽ കാട്ടാന വീട് തകർത്തു. കുടുംബശ്രീ ചെയർപെഴ്സനും മുൻ പഞ്ചായത്ത് അംഗവുമായ അമരാവതിയുടെ വീടാണ് കാട്ടാന പൂർണമായി തകർത്തത്. വെള്ളിയാഴ്ച പുലർച്ച നാലിനാണ് വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലുള്ളവർ മറ്റൊരു കുടിയിലെ ബന്ധു വീട്ടിൽ പോയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.
തൊട്ടടുത്ത മാങ്കുളം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും കാട്ടാന ആക്രമണം ഉണ്ടായി. വ്യാപകമായി കൃഷി നശിപ്പിച്ചു. അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസി കുടിയിൽ ഒരാഴ്ചയായി ഒറ്റക്കൊമ്പൻ എന്ന കാട്ടാന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും കാട്ടാനയെ തുരത്താൻ നടപടി സ്വീകരിക്കാത്തതിനാൽ ജനങ്ങൾ രോഷാകുലരാണ്.
ചിന്നക്കനാൽ പഞ്ചായത്തിലെ 301 ആദിവാസി കോളനിയിൽ അടക്കം പലയിടങ്ങളിലും കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇവിടം കേന്ദ്രീകരിച്ച് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. അടുത്തിടെ ചക്കകൊമ്പൻ ബൈക്ക് യാത്രക്കാരനെ ആക്രമിക്കുകയും നിരവധി കടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

