മുന്നിൽ പുലി; ഭയന്ന് വിറച്ച് തൊഴിലാളികൾ
text_fieldsമൂന്നാർ: തേയിലത്തോട്ടത്തിൽ പുലിയെക്കണ്ടത് തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തി. കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ലോക്കാട് എസ്റ്റേറ്റിലെ തോട്ടത്തിലാണ് തൊഴിലാളികൾ തൊട്ടടുത്ത് പുലിയെ കണ്ടത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
ജോലിക്കിടെ, സമീപത്തെ യൂക്കാലി മരത്തിന് മുകളിൽ പുലി ഇരിക്കുന്നതാണ് ചില തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ തൊഴിലാളികൾ പരിഭ്രാന്തരായി. പ്രദേശവാസികളിൽ ചിലർ ചിത്രം പകര്‍ത്താൻ ശ്രമിക്കുന്നതിനിടെ ബഹളമായി. ഇതോടെ മരത്തില്‍നിന്ന് കുതിച്ച പുലി കാട്ടിനുള്ളിൽ മറയുകയായിരുന്നു.
പകല്‍ തേയിലത്തോട്ടങ്ങളിലെ പുലി സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാക്കിയിട്ടുണ്ട്. മുമ്പ് കന്നുകാലികളെയാണ് പുലി, കടുവ എന്നിവ ആക്രമിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മനുഷ്യരും ഇവയുടെ ഇരകളാവുകയാണ്. മാസങ്ങള്‍ക്കുമുമ്പ് കന്നിമല എസ്റ്റേറ്റിലെ തൊഴിലാളിയായ കന്തസാമി കടുവയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.
രണ്ട് മാസം മുമ്പ് കല്ലാര്‍ എസ്റ്റേറ്റ് സ്വദേശിയായ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ പുലിസാന്നിധ്യം വർധിച്ചതോടെ ജീവന് സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

