പശുക്കളെ കൊന്നൊടുക്കി പുലിയും കടുവയും; മൂന്ന് മാസത്തിനിടെ മൂന്നാറിൽ കൊന്നത് 21 പശുക്കളെ
text_fieldsകാടിറങ്ങിയ കരടികളെ കണ്ടെത്താൻ വനപാലകർ കാമറ സ്ഥാപിക്കുന്നു
അടിമാലി: മൂന്നാറിൽ പശുക്കളെ കൊന്നൊടുക്കി പുലിയും കടുവയും വിലസുന്നു. മൂന്ന് മാസത്തിനിടെ 21 പശുക്കളാണ് ചത്തത്. രണ്ട് ദിവസത്തിനിടെ നാല് പശുക്കൾ കൊല്ലപ്പെട്ടതോടെ ജനങ്ങളും ഭീതിയിലാണ്. തെൻമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലാണ് സംഭവം. മേയാൻ വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. കൂടാതെ ആറ് പശുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്തിടെ കാപ്പി സ്റ്റോർ ഭാഗത്ത് പുലികളെ കൂട്ടത്തോടെ കണ്ടെത്തിയിരുന്നു. വേനൽ കനത്തതോടെയാണ് തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്.
പുലിക്കും കടുവക്കും പുറമെ കാട്ടാന, കാട്ടുപോത്ത്, കാട്ടുനായകൾ തുടങ്ങി എല്ലാവിധ വന്യമൃഗങ്ങളും മൂന്നാർ തോട്ടം മേഖലയിലുണ്ട്. പടയപ്പ എന്ന കാട്ടാനയും ഭീതിപരത്തി വിലസുന്നു. പടയപ്പ ഒരു മാസത്തിനിടെ ആറ് വാഹനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു. വീടുകൾക്ക് നേരെയും ആക്രമണം നടത്തി. കുടിവെള്ള സംവിധാനങ്ങളും തകർത്തു. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തുന്നു. മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിലാണ് രൂക്ഷമായ വന്യമൃഗ ശല്യമുള്ളത്.
കാടിറങ്ങിയ കരടികളെ കണ്ടെത്താൻ കാമറകൾ സ്ഥാപിച്ചു
കുമളി: കാടിറങ്ങിയെത്തിയ കരടികളെ കണ്ടെത്താൻ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഒരുക്കി വനംവകുപ്പ്.പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന ജനവാസ മേഖലയായ മുല്ലയാർ ഭാഗത്താണ് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചംഗ കരടിടക്കൂട്ടത്തെ നാട്ടുകാർ കണ്ടത്. ഈ ഭാഗത്ത് താമസിക്കുന്ന പത്മാരാഗം വീട്ടിൽ ഇന്ദുലേഖ രതീഷിന്‍റെ വീടിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വിയിലാണ് രാത്രി വീടിന് സമീപം കരടിക്കൂട്ടം നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഭയന്നു വിറച്ച വീട്ടുകാർ വനപാലകരുടെ സഹായം തേടി. പ്രദേശത്ത് വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ നാലേക്കർ തോട്ടത്തിലെ പാറഗുഹയിലാണ് ഇവയുടെ വാസമെന്ന് വനപാലകർ കണ്ടെത്തി.
കുമളി ഫോറസ്റ്റ് റേഞ്ചിലെ ചെല്ലാർകോവിൽ സെക്ഷനിൽ നിന്നുള്ള വനപാലകരാണ് സ്ഥലത്തെത്തി നിരീക്ഷണം നടത്തിയത്. പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിലായി മൂന്ന് കാമറകളാണ് സ്ഥാപിച്ചത്. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന് ചെലവാകുന്ന തുക സ്വകാര്യ വ്യക്തിയിൽനിന്ന് ഈടാക്കും. നാട്ടുകാർക്ക് ഭീഷണിയായ കരടികളെ കൂടൊരുക്കി പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാനാണ് വനപാലകർ ശ്രമം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

