അപകട ഭീഷണി; ഇടുക്കി ജില്ലയിൽ 139 മരങ്ങൾ മുറിച്ചു
text_fieldsതൊടുപുഴ: കാലവർഷം കനത്തതോടെ ജില്ലയിൽ അപകട ഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. ദുരന്ത സാധ്യത കണക്കിലെടുത്ത് സ്വകാര്യ ഭൂമിയിലെയടക്കം അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അടക്കം നിർദേശം നൽകിയിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ 139 മരങ്ങളാണ് ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾ മുറിച്ചുമാറ്റിയത്. ഇനിയും പാതയോരങ്ങളിലും തോട്ടം മേഖലയിലുമടക്കം അപകട ഭീഷണി ഉയർത്തിനിൽക്കുന്ന നിരവധി മരങ്ങൾ ഉണ്ടെന്നും പരാതികളുണ്ട്. മരം വീണ് വീട് തകർന്നും കൃഷി നശിച്ചും വളരെയധികം നഷ്ടങ്ങൾ സംഭവിച്ചിരുന്നു. ജില്ലയിൽ കാലവർഷക്കെടുതിയിൽ മരം വീണ് മരണവും അപകടങ്ങളും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
തോട്ടം മേഖലകളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. ഉണക്കമരങ്ങൾ കടപുഴകിയും റോഡിലേക്ക് മരം വീണും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഉടുമ്പൻചോല, ശാന്തൻപാറ, സേനാപതി, രാജകുമാരി, ബൈസൺവാലി, പാമ്പാടുംപാറ പഞ്ചായത്തുകളിലെ ഏലത്തോട്ടങ്ങളിലും റോഡരികിലും അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്.
ഏലത്തോട്ടങ്ങളില്‍ ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങളില്‍ മരച്ചില്ലകള്‍ കൂടുതല്‍ വളര്‍ന്നു നില്ക്കുന്നതിനാല് ശക്തമായ കാറ്റിൽ ഇവ നിലംപൊത്താന്‍ സാധ്യത ഏറെയാണ്. കാലവർഷത്തിന് മുന്നോടിയായി കലക്ടർ വിളിച്ച യോഗത്തിൽ തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പട്ടയഭൂമിയിലെ മരം മുറിക്കാൻ വനം വകുപ്പിെൻറ തടസ്സം
വണ്ണപ്പുറം: വനേതര പ്രദേശങ്ങളിലെ പട്ടയ ഭൂമിയിലുള്ള മരംമുറിക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കുന്നുവെന്ന പരാതി വ്യാപകമാകുന്നു. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളിലെ റൂൾ 64 പ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് ഇപ്പോഴും അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. രണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിൽ പലയിടത്തും ഇതേ പ്രശ്നമുണ്ട്.തങ്ങൾ നട്ടുവളർത്തിയ മരങ്ങൾ ഒരാവശ്യം വന്നാൽ വെട്ടാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
പട്ടയ ഭൂമിയിൽ റിസർവ് ചെയ്യപ്പെട്ടതും പിന്നീട് വളർന്നു വരുന്നതുമായ സംരക്ഷിത മരങ്ങൾ സർക്കാറിന് അവകാശപ്പെട്ടതാണ് എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. പിന്നീട് ഭൂമിയിലെ മറ്റ് വൃക്ഷങ്ങൾ മുറിക്കുന്നതിനും വനനിയമത്തിന്റെ പേര് പറഞ്ഞ് വനംവകുപ്പ് തടസ്സം നിന്നു. ഇതോടെ ആളുകൾ മരം വെച്ചുപിടിപ്പിക്കുന്നത് നിർത്തി. കൂടാതെ രാജകീയ മരങ്ങൾ ഉൾപ്പെടെയുള്ളവ മുളച്ചുവരുമ്പോൾ തന്നെ പിഴുതുകളയാൻ തുടങ്ങി. ഇതോടെ 2005ലെ വനേതര പ്രദേശങ്ങളിലെ മരം വളർത്തൽ പ്രോത്സാഹന നിയമം നിലവിൽ വന്നു. രാജകീയ മരങ്ങളായ ഈട്ടി, ചന്ദനം എന്നിവ ഒഴികെ പട്ടയഭൂമിയിലെ സ്വയം വളർന്നതും കർഷകർ നട്ടുവളർത്തിയതുമായ മരങ്ങൾ മുറിക്കാനാകും എന്നായിരുന്നു ഇതിലൊരു ചട്ടം.
1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവും ജന്മിപട്ടയവും ചെമ്പോലചാർത്തുമുള്ള ഭൂമിയിലായിരുന്നു ഈ ചട്ടം ബാധകം. തേക്ക് വെട്ടാമെങ്കിലും റൂൾ 64 പട്ടയങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. 2007ൽ ഇതിന് ചെറിയ ഭേദഗതിയും കൊണ്ടുവന്നു. തേക്ക് വെട്ടാൻ അരഹെക്ടർ ഭൂമിയുള്ളവർ അനുമതി വേണ്ടെന്നായിരുന്നു ഭേദഗതി. അതിൽ കൂടുതൽ ഭൂമിയുള്ളവർ അനുമതി വാങ്ങണം. ജന്മിപട്ടയത്തിനും ചെമ്പോല ചാർത്തിനും ഇത് ബാധകമായിരുന്നില്ല.
ഇതിനിടെ സാമൂഹ്യവനവത്കരണം എന്ന വനം വകുപ്പിന്റെ പദ്ധതി ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അന്ന് വെച്ചുപിടിച്ച മരങ്ങളൊക്കെ വലുതായി.ഇടിവെട്ടേറ്റാലും ഉണങ്ങിപ്പോയാലും അത് വെട്ടിവിൽക്കാൻ വനംവകുപ്പ് സമ്മതിക്കുന്നില്ല. നിയമങ്ങളിൽ എന്തെങ്കിലും അവ്യക്ത ഉണ്ടെങ്കിൽ നീക്കി വനം വകുപ്പിന്റെ അനാവശ്യനിയന്ത്രണത്തിൽനിന്ന് ചെറുകിട ഭൂവുടമകളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

