മകരജ്യോതി ദര്‍ശിച്ച് ആയിരങ്ങൾ
text_fieldsമകരജ്യോതി ദർശിക്കാൻ പുല്ലുമേട്ടിൽ എത്തിയ അയ്യപ്പൻമാർ
ഇടുക്കി: മകരജ്യോതി ദർശനത്തിൽ സായുജ്യമടഞ്ഞ് പുല്ലുമേട്ടിൽനിന്ന് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകീട്ട് 6.45ഓടെയാണ് മകരജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 7240 ഭക്തരാണ് ഇത്തവണ മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്. സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി.
ശബരിമലയിൽനിന്ന് പാണ്ടിത്താവളം വഴി 2000 പേരും എത്തി. ജില്ലയിലെ മറ്റ് കാഴ്ചകേന്ദ്രങ്ങളായ പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേട്ടിൽ 1100 പേരും ദർശനത്തിനെത്തി. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പഭക്തർ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 6.55 ഓടെയാണ് പുല്ലുമേട്ടില്‍നിന്ന് ഭക്തർ തിരിച്ചിറങ്ങിയത്.
വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനമാണ് ജില്ല ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യം സജ്ജീകരിച്ചു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്ക് 150 പ്രത്യേക പൊലീസ് ഓഫിസർമാർക്ക് പുറമെ 1200 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും കർമനിരതരായി. പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡ് ഒരുക്കിയിരുന്നു. വള്ളക്കടവിൽനിന്ന് പുല്ലുമേട് ടോപ്പുവരെ ഓരോ രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ.സി.യു ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു. കെ.എസ്.ആര്.ടി.സി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ്-കോഴിക്കാനം റൂട്ടില്‍ 50 ബസുകള്‍ സര്‍വിസ് നടത്തി.
പൊലീസ്, ആരോഗ്യം, റവന്യൂ, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലൈസ്, അഗ്നി രക്ഷാസേന, വനം വകുപ്പ്, മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായി.
കലക്ടര്‍ വി. വിഘ്നേശ്വരി, ഏറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ജയകൃഷ്ണൻ, കട്ടപ്പന എ. എസ്.പി രാജേഷ് കുമാർ, എ.ഡി. എം ഷൈജു പി. ജേക്കബ്, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ വിനോദ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടില്‍ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

