തൊടുപുഴ നഗരസഭ; പരിഷ്കരിച്ച മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി
text_fields2021 ജൂലൈ 13നാണ് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്
തൊടുപുഴ: നഗരസഭയുടെ പരിഷ്കരിച്ച മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.
പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് പുതുക്കി സമര്‍പ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്.
2021 ജൂലൈ 13നാണ് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നഗരസഭക്ക് ലഭിച്ച നിരവധി പരാതികള്‍ ചെയര്മാന് സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, മുഹമ്മദ് അഫ്സല്, സി. ജിതേഷ് എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതി വിശദമായി പരിശോധിക്കുകയും കൗണ്‍സിലര്‍മാര്‍ ഭേദഗതികള്‍ നിർദേശിക്കുകയും ചെയ്തു.
മാസ്റ്റര്‍ പ്ലാൻ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയർന്നതിനെ തുടര്‍ന്ന് പി.ജെ. ജോസഫ് എം.എല്‍.എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ട്രാക്ക് ഉള്‍പ്പെടെ സാമൂഹിക സംഘടന പ്രതിനിധികളുടെയും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം വിളിച്ചിരുന്നു.
ടൗണിലെ പ്രധാന റോഡുകളുടെയും ബൈപാസുകളുടെയും വീതി കാര്യമായ വ്യതിയാനം ഇല്ലാതെ നിലനിര്‍ത്തണമെന്നും റോഡുകളുടെ വശങ്ങളില് വാണിജ്യകെട്ടിടങ്ങള്‍ നിര്മിക്കത്തക്ക രീതിയില്‍ അനുമതി നല്കണമെന്നുള്ള യോഗത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടു.
നഗരസഭയുടെ ഉള്‍പ്രദേശങ്ങളിലെ റോഡുകള്‍ക്ക് വലിയ തോതില്‍ വീതി കൂട്ടുന്നതിന് എതിരെയും തീരുമാനമുണ്ടായിരുന്നു. ഈ നിർദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കൗൺസിലിന് ഉപസമിതി ശിപാർശ നല്‍കിയത്.
നഗരസഭ സമർപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ വിശദമായി പരിശോധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചു.
എത്രയും വേഗം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടായ ആശങ്കകളും ബുദ്ധിമുട്ടുകളും നിര്‍മാണ നിരോധനവും ഒഴിവാക്കാന്‍ കഴിയുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ കാരണം തടസ്സപ്പെട്ട സിവില്‍ സ്റ്റേഷൻ മൂന്നാം ബ്ലോക്ക് നിര്‍മാണവും പുനരാരംഭിക്കാനാകും.
വിവിധ ഘട്ടങ്ങളില്‍ മാസ്റ്റർ പ്ലാനിനുവേണ്ടി പ്രവര്‍ത്തിച്ചവരെ പി.ജെ. ജോസഫ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

