Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightകേരള കോൺഗ്രസിലെ...

കേരള കോൺഗ്രസിലെ ഇളമുറക്കാർ നേർക്കുനേർ; കന്നിയങ്കച്ചൂടിൽ തൊടുപുഴ

text_fields
bookmark_border
കേരള കോൺഗ്രസിലെ ഇളമുറക്കാർ നേർക്കുനേർ; കന്നിയങ്കച്ചൂടിൽ തൊടുപുഴ
cancel

തൊടുപുഴ: ബദ്ധ വൈരികളായ രണ്ട് കേരള കോൺഗ്രസ് പാർട്ടികളുടെ പോരാട്ടത്തിനാണ് ഇക്കുറി തൊടുപുഴ നി‍യോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഒന്നായി നിന്നശേഷം രണ്ടായി പിരിഞ്ഞ പാർട്ടികളുടെ കരുത്ത് തെളിയിക്കൽകൂടിയാണിവിടെ നടക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ പി.ജെ. ജോസഫിന്റെ തട്ടകമായിരുന്ന മണ്ഡലം. ഇക്കുറി അദ്ദേഹം കളമൊഴിഞ്ഞ് മകൻ അപു ജോൺ ജോസഫാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായി യു.ഡി.എഫ് ബാനറിൽ മത്സരിക്കുന്നത്. എതിരാളിയാകട്ടെ കേരള കോൺഗ്രസ് കുടുംബ പാരമ്പര്യമുളള സിറിയക് ചാഴികാടൻ. കേരള കോൺഗ്രസ് (എം) ബാനറിൽ ഇടത് സ്ഥാനാർഥിയായാണ് അദ്ദേഹത്തിന്റെ പോരാട്ടം.

ഇരുവരുടേയും കന്നിയങ്കമാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനിടയിലാണ് എൻ.ഡി.എ സ്ഥാനാർഥിയായി റോയി വാരിക്കാടിന്റെ സ്ഥാനാർഥിത്വം ശ്രദ്ധേയമാകുന്നത്. നേരത്തെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ചിട്ടുളള അദ്ദേഹം ഇത്തവണ ട്വൻറി-20 ബാനറിലാണ് എൻ.ഡി.എ സ്ഥാനാർഥിയാകുന്നത്.

കന്നിയങ്കത്തിന്റെ ആവേശത്തിൽ അപു ജോസഫ്

പിതാവിന്റെ നിഴലായി നിന്ന് നിരവധി തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കന്നിക്കാരനാണ് യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്. എന്നാൽ കന്നിക്കാന്റെ ചാപല്യങ്ങളൊന്നുമില്ലാതെ പോരാട്ടവീഥിയിൽ അദ്ദേഹം സജീവമായിക്കഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ തന്നെ പ്രചാരണ രംഗത്തിറങ്ങി കഴിഞ്ഞ അദ്ദേഹം മണ്ഡലത്തിലെ എല്ല പഞ്ചായത്തുകളിലും ഒരൂവട്ടം ഓടിയെത്തിക്കഴിഞ്ഞു. നേരത്തെ തന്നെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നത് കൊണ്ട് പ്രവർത്തകർക്കാകട്ടെ പ്രത്യേക പരിയപ്പെടുത്തലുകളുടെ ആവശ്യവുമില്ല.

അവധി ദിനമായ ഞായറാഴ്ചയും പ്രചാരണതിരക്കുകൾക്കവധി നൽകാതെയായിരുന്നു ഓട്ടം. രാവിലെ തന്നെ വിവിധ ആരാധനാലയങ്ങളിലെത്തി വിശ്വാസികളുടേയും പുരോഹിതരുടെയും വോട്ടുറപ്പാക്കി. പിന്നെ ഏതാനും വിവാഹ ചടങ്ങുകളിലുമെത്തി. വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര, നളിയാനി, കൂവക്കണ്ടം, മേത്തൊട്ടി അടക്കം വിവിധ കേന്ദ്രങ്ങളിലെ വോട്ടഭ്യർഥനക്ക് ശേഷം പ്രദേശിക തലത്തിൽ പൗരപ്രമുഖരെ‍യും നേതാക്കളേയും നേരിട്ട് കാണുന്നതിനും സ്ഥാനാർഥി സമയം കണ്ടെത്തി. പത്രിക സമർപ്പണത്തിന് മുന്നോടിയായി വിവിധ കോണുകളിലുളളവരുടെ അനുഗ്രഹവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തു.

നാട്ടുകാരനായി സിറിയക്

കാലേക്കൂട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ച് മണ്ഡലത്തിൽ സജീവമായ ഇടത് മുന്നണി സ്ഥാനാർഥി സിറിയക് ചാഴിക്കാടനും പ്രചാരണ തിരക്കിലാണ്. കേരള കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യമുറങ്ങുന്ന കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ കന്നിയങ്കമാണെങ്കിലും തെരഞ്ഞെടുപ്പ് ചൂട് അദ്ദേഹത്തിന് പുത്തരിയല്ല. നിരവധി തെരഞ്ഞെടുപ്പുകൾക്കാണ് യുവജന വിഭാഗത്തിന്റെ അമരക്കാരൻ എന്ന നിലയിൽ അണിയറ പ്രവർത്തനങ്ങൾ നടത്തിയത്. ഞായറാഴ്ച വിവിധ ആരാധനാലയങ്ങളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത് വോട്ടഭ്യർഥിച്ച അദ്ദേഹം പന്നിമറ്റം, പൂമാല അടക്കമുളള വിവിധ പ്രദേശങ്ങളിലും വോട്ടഭ്യർഥനയുമായെത്തി. പൂമാലയിലും തൊടുപുഴ ടൗണിലും നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു.പത്രിക സമർപ്പണത്തിന് മുന്നോടിയായുളള അന്തിമ ഒരുക്കങ്ങളും വിലയിരുത്തി.

കരുത്ത് കാട്ടാൻ എൻ.ഡി.എ

മണ്ഡലത്തിൽ കരുത്ത് കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എ സ്ഥാനാർഥി റോയി വാരിക്കാട്ട് മത്സര രംഗത്തുളളത്. തൊടുപുഴ നഗരസഭ പരിധിയിലടക്കം ബി.ജെ.പിക്കുളള സ്വാധീനം തനിക്ക് വോട്ടായി മാറുമെന്ന് അദ്ദേഹം കരുതുന്നു. ഇതോടൊപ്പം ട്വൻറി-20യുടെ വരവോടെ സമീപ പഞ്ചായത്തുകളിലും ശക്തി തെളിയിക്കാനാകുമെന്നാണ് മുന്നണി പ്രവർത്തകരുടെ പ്രതീക്ഷ. പ്രചാരണ രംഗത്ത് ഇവരും സജീവമായി കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignkerala congressCandidatesKerala Assembly Election 2026
News Summary - Younger members of the Kerala Congress are facing off Thodupuzha
Next Story