വ്യാഴം വരെ മഞ്ഞ അലർട്ട്; മുന്നൊരുക്കവുമായി ഇടുക്കി ജില്ല ഭരണകൂടം
text_fieldsഉരുള്‍പൊട്ടിയ ശാന്തന്‍പാറ ചേരിയാർ മേഖല കലക്ടറുടെ
നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു
തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ് വരുന്ന വ്യാഴാഴ്ച വരെ ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുവും പൂർത്തിയായതായി കലക്ടർ ഷീബ ജോർജ് അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മലയോര മേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയ ശാന്തന്‍പാറ ചേരിയാർ മേഖലയിൽ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
ചേരിയാര്‍ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. പത്തോളം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്ന ബാധിത മേഖലയിൽനിന്ന് തോട്ടം തൊഴിലാളികളും അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ 25ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷിനാശം രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു.
15 ഹെക്ടറിലധികം ഏലകൃഷി നശിക്കുകയും 10 ഹെക്ടറിലധികം കൃഷിഭൂമി ഒലിച്ചുപോയതുമായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക നിഗമനം. കല്കടറുടെ നേതൃത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 15 ലക്ഷത്തിന് മുകളിൽ നഷ്ടം സംഭവിച്ചതാണ് പ്രാഥമിക കണക്ക്. കൃഷി ഭൂമിയും കൃഷിയും നഷ്ടപ്പെട്ട കർഷകർ 10 ദിവസത്തിനകം കൃഷിഭവനിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.
ശാന്തൻപാറ ഉൾപ്പെട്ട ഉടുമ്പൻചോല താലൂക്കിൽ തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പെയ്തത് 90 മില്ലിമീറ്റർ മഴ ഏഴര മുതൽ എട്ടര വരെയാണ് ശാന്തൻപാറയിൽ അതി തീവ്ര മഴ പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

