തൊടുപുഴയുടെ ഒഴുക്ക് ആർക്കൊപ്പം
text_fieldsതൊടുപുഴ: ശ്രദ്ധേയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മണ്ഡലം. തൊടുപുഴയുടെ ഒഴുക്കിനൊപ്പമാണ് പി.ജെ. ജോസഫിന്റെ രാഷ്ട്രീയ ജീവിതവുമെന്ന് ഒറ്റ വാക്കിൽ ചുരുക്കാം. 10 തവണയാണ് പി.ജെ മണ്ഡലത്തിൽനിന്ന് വിജയം നേടിയത്.
എൽ.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാർഥിയായിട്ടും ജോസഫിനെ തൊടുപുഴ കൈവിട്ടിട്ടില്ല. ജോസഫ് വീണത് രണ്ട് തവണ മാത്രം. അതും കോൺഗ്രസ് നേതാവ് പി.ടി. തോമസിനോട് മാത്രം. 1970 ലാണ് കന്നി മത്സരത്തിനിറങ്ങിയ കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിജയിച്ചു. പിന്നീട് നടന്ന 1977, 80, 82, 87 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് എൽ.ഡി.എഫിൽ എത്തിയ 1991ൽ കോൺഗ്രസിലെ പി.ടി. തോമസ് മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ്-ജോസഫ് ഗ്രൂപിലെ പി.സി. ജോസഫിനെ 1092 വോട്ടുകൾക്ക് മറികടന്നാണ് പി.ടി. വിജയക്കൊടി പാറിച്ചത്.
1996ലെ തീ പാറിയ പോരാട്ടത്തിൽ പി.ജെ. ജോസഫ് ഒരിക്കൽ കൂടി ആധിപത്യം നേടി. 2001ൽ പി.ടി. തോമസ് വീണ്ടും വിജയിച്ചു. 2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് യു.ഡി.എഫിലേക്ക് മാറിയ ജോസഫ് 2011ലും 2016ലും വിജയം ആവർത്തിച്ചു. 2011ൽ എൽ.ഡി.എഫ് സ്വതന്ത്രനെ പരാജയപ്പെടുത്തി. 2021ൽ കേരള കോൺഗ്രസ് എമ്മിലെ കെ.ഐ. ആന്റണിയെ പി.ജെ. ജോസഫ് പരാജയപ്പെടുത്തി.
പി.ജെയോ മകൻ
അപുവോ: തന്ത്രങ്ങളൊരുക്കി
എൽ.ഡി.എഫ്
തൊടുപുഴയിൽ ഇത്തവണ പി.ജെ മത്സരത്തിനിറങ്ങുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അപുവിന് സീറ്റ് വിട്ട് കൊടുത്ത് പി.ജെ ഇത്തവണ മാറി നിൽക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫിന് അനുകൂല കളമൊരുങ്ങുമ്പോൾ പി.ജെ മാറി നിൽക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, പി.ജെ. മനസ് തുറന്നിട്ടില്ല. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിനാണ് ഇവിടെ സീറ്റ്. നിയോജക മണ്ഡലം പ്രസിഡന്റും മുൻ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറയുടെ പേരാണ് പ്രധാനമായും കേൾക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പിക്കാണ് സീറ്റെങ്കിലും സ്ഥാനാർഥിയാരെന്ന് വ്യക്തമായിട്ടില്ല.
നേട്ടങ്ങൾ
- തൊടുപുഴ നഗരത്തിന്റെ ഇന്ന് കാണുന്ന വളർച്ചക്ക് സുപ്രധാന പങ്ക് വഹിച്ചത് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇടപെടൽ ഒന്നു മാത്രമാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. അഞ്ചു വർഷത്തിനിടെ ഒട്ടേറെ സുപ്രധാന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
- പാതി വഴിയിൽ കിടന്ന കെ.എസ്.ആർ.ടി.സി ടെർമിനൽ പൂർത്തിയാക്കാൻ ശ്രദ്ധേയ ഇടപെടലുകൾ നടത്തി.
- മാരിയിൽ കടവ് പാലം അപ്രോച്ച് അന്തിമ നിർമാണം, റിവർ വ്യൂ റോഡ് നിർമ്മാണം അന്തിമഘട്ടത്തിൽ
- സിവിൽ സ്റ്റേഷൻ അനക്സ് നിർമാണത്തിന് തുടക്കമിട്ടു
- വന്യമൃഗ ശല്യം രൂക്ഷമായ മുള്ളരിങ്ങാട് വന മേഖലയിൽ ഫെൻസിങ്ങ്
- തൊടുപുഴ ജില്ല ആശുപത്രിയിൽ കാരുണൽ ഫാർമസി
- തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കൂളുകൾക്ക് ബസ് വാങ്ങാൻ 60 ലക്ഷം
- തൊടുപുഴ ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 34 ലക്ഷം
കോട്ടങ്ങൾ
- എം.എൽ.എയും യു.ഡി.എഫും കൊട്ടിഘോഷിക്കുന്ന വികസനം തൊടുപുഴയിലില്ലെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. തൊടുപുഴയിൽ ഒരു സ്റ്റേഡിയം യാഥാർഥ്യമാക്കാൻ കഴിയാത്തത് അതിനുദാഹരണമാണ്.
- തൊടുപുഴയിൽ ഐ.ടി പാർക്കില്ല. മിച്ച ഭൂമി ഒരുപാടുള്ള സ്ഥലമാണ്. കൊച്ചിയുടെ ഉപനഗരമായി വളരുന്ന തൊടുപുഴയിൽ ഒരു ഐ.ടി പാർക്ക് യാഥാർഥ്യമായാൽ വികസന കാഴ്ചപ്പാട് മാറ്റാൻ കഴിയും.
- ഏറ്റവും വലിയ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കഴിയുന്ന ഇടമായിട്ടും വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകാത്തതിനാൽ സഞ്ചാരികൾക്ക് ഇവയൊന്നും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
- തൊടുപുഴ നഗരത്തിലെ മോർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു നടപടിയുമില്ല.
- തൊടുപുഴക്ക് ഒരു സ്റ്റേഡിയം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇതു വരെ സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ കഴിഞ്ഞില്ല.
- മുള്ളരിങ്ങാട്ടെ കാട്ടാന ശല്യം പരിഹരിക്കാൻ ശാശ്വത നടപടിയില്ല.
- താലൂക്ക് വികസന സമിതികളിൽ എം.എൽ.എ എത്താത്തും പോരായ്മകളായി എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

