വന്യജീവി പ്രതിരോധം; ഇടുക്കിയിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനം
text_fieldsതൊടുപുഴ: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ശക്തമാക്കാൻ എം.പിയുടെയും ജില്ലയിലെ എം.എൽ.എമാരുടെയും നേതൃത്വത്തിൽ തീരുമാനം. ഡീൻ കുര്യാക്കോസ് എം.പി, ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണിത്. ജനജാഗ്രതാ സമിതിയുടെയും റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി), പ്രൈമറി റെസ്പോൺസ് ടീം (പി.ആർ.ടി) എന്നിവയുടെയും പ്രവർത്തനം ശക്തമാക്കും. സംഘർഷ സാധ്യത കൂടിയ മേഖലകളിൽ പ്രദേശവാസികൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ക്ഷീരകർഷകർക്ക് ബോധവത്കരണം സംഘടിപ്പിക്കും.
എ.ഐ അധിഷ്ഠിത സോളാർ ഫെൻസിങ് പരിഗണനയിൽ
നിർമ്മിത ബുദ്ധി അധിഷ്ഠിത സോളാർ ഫെൻസിങ് നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ ട്രെഞ്ച് നിർമാണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ യോഗം നിർദേശിച്ചു. ഓരോ ഡിവിഷന്റെയും പ്രത്യേകതകൾ കണക്കിലെടുത്താണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കേണ്ടത്.
ദീർഘകാല / ഹ്രസ്വകാല പദ്ധതികൾ തയാറാക്കണം. ഓരോ വനമേഖലയുടെയും സംഭരണ ശേഷി സംബന്ധിച്ച് പഠനം നടത്തിവരികയാണ്. വനമേഖലകളിലെ അനധികൃത വേലികളും കൈയേറ്റങ്ങളും ഒഴിപ്പിക്കും. അടിയന്തിര ഘട്ടത്തിൽ വിനിയോഗിക്കുന്നതിനായി എമർജൻസി ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ചിന്നക്കനാൽ ആസ്ഥാനമാക്കി ഒരു ആർ.ആർ.ടികൂടി വരും
ദേവികുളം ആസ്ഥാനമായാണ് പ്രധാന ആർ.ആർ.ടി പ്രവർത്തിക്കുന്നത്. ചിന്നക്കനാൽ ആസ്ഥാനമാക്കി മറ്റൊരു ആർ.ആർ. ടി കൂടി സജ്ജമാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 64 ആർ.ആർ.ടികളിലായി 649 പേരാണ് മൂന്നാർ മേഖലയിൽ പ്രവർത്തിക്കുന്നത്.
തൊടുപുഴ - അറക്കുളം മേഖലയിലും സേവനം ലഭ്യമാക്കണം. വനാതിർത്തി മേഖലകളിലെ ഫെൻസിങ് നിർമാണം ഉടൻ പൂർത്തിയാക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജ് പ്രകാരം ഫെൻസിങ് നിർമിക്കുന്നതിന് കരാറുകാരെ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉപ്പുതറയിൽ ഫെൻസിങ് ചിലർ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയമ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു. വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന കർഷകരുടെ ഭൂമി പെട്ടെന്ന് വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് സംഘർഷം ഒഴിവാക്കാൻ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് വനം വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു.
വനഭൂമിയിലൂടെ കട്ടപ്പന - പീരുമേട് 110 കെ.വി. ലൈൻ വലിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

