ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം; കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിക്കുന്നു
text_fields1. മറയൂർ-ചിന്നാർ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ നിലയുറപ്പിച്ച കാട്ടാന, 2. മറയൂർ-ചിന്നാർ-ഉദുമൽമപേട്ട റോഡിൽ പാതയോരത്ത് നിൽക്കുന്ന പിടിയാനയും കുട്ടിയും
വന്യമൃഗങ്ങൾ ജില്ലയുടെ വിവിധ മേഖലകളിലിറങ്ങി നാശമുണ്ടാക്കുന്ന ദിനങ്ങളില്ലെന്നായി. കാട്ടാനയും പുലിയും കാട്ടുപോത്തുമടക്കം ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വെല്ലുവിളി ഉയർത്തുകയാണ്. ജീവനുകൾ പൊലിയുമ്പോൾ അധികൃതർ ഓടിയെത്തി പ്രഖ്യാപനം നടത്തുന്നതല്ലാതെ വനാതിർത്തി പങ്കിടുന്ന പല മേഖലകളിലും ഭീതി വിട്ടുമാറുന്നില്ല
തൊടുപുഴ: ചൂട് തുടങ്ങിയതോടെ ജില്ലയിൽ പലയിടങ്ങളിലും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിത്തുടങ്ങി. മൂന്നാർ ചിന്നക്കനാൽ മേഖലയിലടക്കം കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനകളിൽനിന്ന് പിരിഞ്ഞ് നടക്കുന്ന ഒരു കൂട്ടമാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. മൂന്ന് വലിയ പിടിയാനകളും ഒരു പിടിയാനക്കുട്ടിയും കൂട്ടത്തിലുണ്ട്. കൃഷിയിടങ്ങളിൽ തമ്പടിച്ച് ഏലമുൾപ്പെടെയുള്ള വിളകൾ ചവിട്ടി നശിപ്പിക്കുന്നതാണ് കാട്ടാനക്കൂട്ടത്തിന്റെ സ്ഥിരം പരിപാടി. കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ ഏറെ പണിപ്പെട്ടാണ് വാച്ചർമാർ വനമേഖലയിലേക്ക് തുരത്തുന്നത്. കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഏറെ സമയം കൃഷിപ്പണികൾ നിർത്തിവെക്കേണ്ടി വന്നു.
2010ൽ ചിന്നക്കനാൽ മേഖലയിൽ മുപ്പതോളം കാട്ടാനകളുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ കണക്ക്. ഒരു പതിറ്റാണ്ടിനുശേഷം ഇത് ഇരുപതായി കുറഞ്ഞു. 2023 ഫെബ്രുവരിയിൽ സിഗരറ്റ് കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചെരിയുകയും ഏപ്രിലിൽ അരിക്കാമ്പനെ കാടുകടത്തുകയും ചെയ്തു. ആഗസ്റ്റിൽ മുറിവാലൻ കൊമ്പൻ ചക്കക്കൊമ്പന്റെ കുത്തേറ്റ് ചെരിഞ്ഞു. ഇതോടെ മേഖലയിലെ പ്രായപൂർത്തിയായ ഏക കൊമ്പൻ ചക്കക്കൊമ്പൻ മാത്രമായി. ചക്കക്കൊമ്പനെ കൂടാതെ 11 പ്രായപൂർത്തിയായ പിടിയാനകളും മൂന്ന് കുട്ടിക്കൊമ്പന്മാരും രണ്ട് പിടിയാനക്കുട്ടികളും ചിന്നക്കനാൽ മേഖലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

