പടയപ്പയും വിരികൊമ്പനും; ഭീതിയിൽ തോട്ടം മേഖല
text_fields1. വിരികൊമ്പൻ മറയൂരിലെ ജനവാസ മേഖലയിൽ 2. പടയപ്പ മൂന്നാറിൽ
തൊടുപുഴ: ജനവാസ മേഖലയിൽ ആനകൾ കറങ്ങി നടക്കുന്നതിന്റെ ഭീതിയിലാണ് മൂന്നാറും മറയൂരുമടക്കമുള്ള പ്രദേശങ്ങൾ. മൂന്നാറിൽ പടയപ്പയാണ് അടുത്തിടെ പ്രദേശവാസികൾക്ക് ഭീതി സൃഷ്ടിക്കുന്നതെങ്കിൽ മറയൂരിൽ വിരികൊമ്പനാണ്. വെള്ളിയാഴ്ച രാജമലക്ക് സമീപം എട്ടാം മൈലിൽ കാട്ടു കൊമ്പൻ പടയപ്പ വാഹനം ആക്രമിച്ചു. രാത്രിയിലായിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ബഹളംവെച്ചതോടെ പടയപ്പ പിൻവാങ്ങി.
സിനിമ ചിത്രീകരണത്തിന് എത്തിയ ടെമ്പോ ട്രാവലറിന് നേരെയാണ് രാത്രിയിൽ പടയപ്പയുടെ ആക്രമണമുണ്ടായത്. മൂന്നാർ മറയൂർ റോഡിൽ രാജമലക്ക് സമീപം എട്ടാം മൈലിൽ വെച്ചാണ് കാട്ടുകൊമ്പൻ വാഹനം ആക്രമിച്ചത്. ആക്രമണത്തിൽ വാഹനത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം പടയപ്പടയുടെ ആക്രമണത്തിൽ കേടുപാട് സംഭവിച്ച ടെമ്പോ ട്രാവലർ
പിന്നീട് വനം വകുപ്പുദ്യോഗസ്ഥരെത്തി പടയപ്പയെ തുരുത്തി. പടയപ്പ മദപ്പാടിലാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മദപ്പാടിന്റെ കാലയളവിൽ പടയപ്പ വലിയ തോതിൽ പരാക്രമം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഒറ്റക്കൊമ്പന്റെ ആക്രമണത്തിൽ പടയപ്പക്ക് പരിക്കേറ്റിട്ടുണ്ട്. ചെവിയുടെ ഭാഗത്തുനിന്നു രക്തം വരുന്ന നിലയിൽ തൊഴിലാളികളാണ് പടയപ്പയെ കണ്ടത്. ഡ്രോൺ ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ നിരീക്ഷിക്കുകയാണ്.
വിരികൊമ്പന്റെ വിളയാട്ടം തുടരുന്നു
കഴിഞ്ഞ ദിവസം ചിന്നാർ വന്യജീവി സങ്കേതത്തിൽ വിമലനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വിരിക്കൊമ്പൻ എന്ന കാട്ടാനയാണ്. മേഖലയിൽ വിരികൊമ്പൻ വരുത്തുന്ന നാശ നഷ്ടങ്ങൾ ചില്ലറയല്ല. ചിന്നാർ വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന മറയൂർ- കാന്തല്ലൂർ പഞ്ചായത്തിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് വനം വകുപ്പിനോട് പ്രദേശവാസികൾ ആവശ്യപ്പെടാൻതുടങ്ങിയിട്ട് നാളുകളായി. പ്രതിഷേധവുമായി ഇറങ്ങിയാൽ സമാധാനപരമായ ചർച്ചകളിലൂടെ വാഗ്ദാനങ്ങൾ നൽകി പിരിച്ചുവിടും.
മാസങ്ങൾക്കു മുൻപ് കാന്തല്ലൂർ പാമ്പൻപാറയിൽ കുഞ്ഞാപ്പിയെ (65) ആക്രമിച്ചപ്പോഴും റിസോർട്ട് പരിസരങ്ങളിലും കൃഷിത്തോട്ടങ്ങളിലും മാസങ്ങളോളം ആനകൾ തമ്പടിച്ച് നാശനഷ്ടം വരുത്തിയപ്പോഴും പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ മൂന്ന് ദിവസം നീണ്ടുനിന്ന രാപകൽ സമരത്തിനൊടുവിൽ അധികൃതർ സമവായ ചർച്ചയ്ക്ക് എത്തി. കലക്ടർ വിഡിയോ കോൺഫറൻസ് വഴിയും ദേവികുളത്ത് നിന്ന് എത്തിയ റവന്യു വകുപ്പ് അധികൃതരും സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടു.
വനാതിർത്തിയിൽ ഫെൻസിങ് നിർമാണം, 24 മണിക്കൂറും വണ്ടി, മൃഗങ്ങൾ കൃഷിത്തോട്ടത്തിൽ ഇറങ്ങാതിരിക്കാൻ ആർ.ആർ.ടി. ടീം, വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷാ സംവിധാനം, കർഷകർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ഒട്ടേറെ വാഗ്ദാനങ്ങൾ ആണ് അന്ന് നൽകിയത്. എന്നാൽ ഇതിൽ ഒന്നും നടപ്പായില്ല. രണ്ടാഴ്ച മുൻപ് കാന്തല്ലൂർ പുതുക്കാട് ഭാഗത്ത് ഒറ്റയാൻ സ്ട്രോബറി കൃഷി നശിപ്പിച്ചിരുന്നു.
ചിറ്റുവര എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലി ചെയ്യുന്നതിനു സമീപം കഴിഞ്ഞ ദിവസം കടുവയിറങ്ങിയിരുന്നു. ചിറ്റുവര ഒസി ഡിവിഷനിൽ ബുധനാഴ്ച രാവിലെ 11.30നാണ് കടുവയിറങ്ങിയത്. കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികൾ നോക്കിനിൽക്കെയാണ് കടുവ സമീപത്തെ പാറപ്പുറത്ത് കയറിയത്. തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കടുവ പാറപ്പുറത്ത് നിന്നു ചാടി സമീപത്തെ കാട്ടിലേക്കു പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

