വന്യമൃഗങ്ങൾ നശിപ്പിച്ചത് കാൽക്കോടിയുടെ കൃഷി
text_fieldsമാങ്കുളത്ത് കാട്ടാന നശിപ്പിച്ച കൃഷിയിടം (ഫയൽ ചിത്രം)
തൊടുപുഴ: ഒന്നര വർഷത്തിനിടെ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം ജില്ലയിലുണ്ടായ കൃഷിനാശം കാൽക്കോടിക്കടുത്ത്. 2021-2022 ൽ 12,39,676 രൂപയും 2022 മുതൽ 2023 ജനുവരി 13 വരെ 11,84,550 രൂപയുടെയും നാശം വരുത്തിയതായാണ് കണക്കുകൾ. പ്രാഥമികമായി ശേഖരിച്ച കണക്കുകളാണ് ഇത്. വിശദമായ റിപ്പോർട്ടുകൾ വരുമ്പോൾ തുക ഇനിയും വർധിക്കും.
വാഴ, കരിമ്പ്, കുരുമുളക്, റബർ, തെങ്ങ്, ഏലം എന്നിങ്ങനെയാണ് കൃഷിനാശം കൂടുതലും ഉണ്ടായിട്ടുള്ളത്. കാന്തല്ലൂർ, മാങ്കുളം, മറയൂർ, ചക്കുപള്ളം, ഉപ്പുതറ, വണ്ടൻമേട്, അണക്കര, തൊടുപുഴ മേഖലകളിലാണ് കൂടുതലും കൃഷിനാശം സംഭവിച്ചിട്ടുള്ളത്.
ജില്ലയിൽ ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ജില്ലയിലെ കർഷകർ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലാണ് ജില്ലയിൽ കർഷകർക്ക് കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളത്.
മറയൂർ - ചിന്നാർ റോഡിൽ രാത്രി സമയത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം (ഫയൽ ചിത്രം)
വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. ശല്യം രൂക്ഷമായ ഇടങ്ങളിൽ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകുന്നില്ല. നടപടിക്രമങ്ങൾ അനന്തമായി നീളുന്നതും കർഷകർക്ക് തിരിച്ചടിയാണ്. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് അതിർത്തി പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

