അവധിക്കാലം തുടങ്ങി; വെള്ളമാണ്...ഓർമ വേണം
text_fieldsതൊടുപുഴ: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടന്നിട്ട് വർഷങ്ങളായെങ്കിലും മുങ്ങിമരണം തുടരുകയാണ്. മധ്യവേനൽ അവധിക്കാലത്ത് മുങ്ങിമരിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം വളരെ കൂടുതലാണ്. ബോധവത്കരണവും മുൻകരുതൽ പ്രഖ്യാപനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കടുത്ത ചൂടും അവധിക്കാലവും കുട്ടികൾ അടക്കമുള്ളവരെ ജലാശയങ്ങളിലേക്ക് ആകർഷിക്കുകയാണ്.
വേനലവധിയുടെ ആഘോഷങ്ങളാണ് പലപ്പോഴും അപകടത്തിലേക്കു വഴിതെളിക്കുന്നത്. പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് എടുത്തു ചാടുന്നത്. ഓരോ വർഷവും ജില്ലയിൽ ശരാശരി 25 പേർ വീതം കയങ്ങളിലും പുഴകളിലും പാറമടകളിലും കുളങ്ങളിലുമെല്ലാമായി മുങ്ങിമരിക്കുന്നുണ്ട്.
ഇതിൽ വലിയൊരു ശതമാനവും അവധിക്കാലത്താണ്. 2019-2022ൽ 122 ജീവനാണ് ജലാശയങ്ങളിൽ ഇല്ലാതായത്. 2023ൽ 24 പേർ മരണപ്പെട്ടു. 2024ലും സമാനമാണ് കണക്ക്. നീന്തല്‍ അറിയാവുന്നവരും അല്ലാത്തവരും പുഴയും കുളങ്ങളും കാണുന്ന ആവേശത്തില്‍ വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ ജില്ലയില്‍ തുടര്‍ക്കഥയാകുകയാണ്.
കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനാണ് പലരും പകല്‍സമയങ്ങളില്‍ പുഴകളിലും മറ്റും കുളിക്കാനിറങ്ങുന്നത്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികള്‍ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊളിയിടുന്നത്.
വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ അപകടത്തിൽപെടുന്നത്. ജലാശയങ്ങളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ് ഇടുക്കി. അന്യ ജില്ലകളില്‍നിന്നും ഇവിടേക്ക് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. നീന്തലറിയാതെ പലരും അപകടത്തിൽപെടുകയും ചെയ്യുന്നുണ്ട്.
പാലിക്കാം, ജാഗ്രത
- ജലസുരക്ഷയെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുക.
- അവധിക്കാലത്ത് മുതിർന്നവരുടെ സാന്നിധ്യത്തിൽ നീന്തല്‍ പരിശീലിപ്പിക്കുക.
- ബന്ധുവീടുകളില്‍ പോകുന്നവരോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ പോകരുതെന്ന് നിര്‍ദേശിക്കുക.
- വിനോദയാത്ര വേളകളില്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുക.
- ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടരുത് കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതാണ് സുരക്ഷിതം.
- വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചളിയില്‍ പൂഴ്ന്നു പോകാനും തല പാറയില്‍ ഇടിക്കാനും സാധ്യതയുണ്ട്.
- നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്.
- സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
- കുട്ടികൾ മുതിർന്നവരോടൊപ്പമല്ലാതെ ജലാശയങ്ങളിൽ ഇറങ്ങരുത്.
- ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കുക.
- അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പുകൾ പിന്തുടരുക.
- അടിയന്തര സാഹചര്യങ്ങളിൽ 112ൽ വിളിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.