വെള്ളത്തിനായി കാത്തിരിപ്പ്; വലതുകര കനാല്‍ തുറക്കുന്നത് നീളുന്നു
text_fieldsവലതുകര കനാൽ
തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി)ഭാഗമായ വലതുകര കനാല്‍ തുറക്കുന്നത് നീളുന്നതോടെ ദുരിതത്തിലായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍. ജനുവരി എട്ടിന് ഇടത്, വലതുകര കനാലുകള്‍ തുറക്കുമെന്ന മുന്നറിയിപ്പ് വന്നിരുന്നു. എന്നാല്‍, ഇടതുകര തുറന്നെങ്കിലും വലതുകര തുറക്കുന്നത് നീളുകയായിരുന്നു.
2018ലെ പ്രളയത്തിനുശേഷം കനാലുകള്‍ തുറക്കുന്ന സമയം ജലസേചന അതോറിറ്റി മാറ്റുകയായിരുന്നു. അതിന് മുമ്പ് ഡിസംബര്‍ രണ്ടാം വാരം തുറന്നിരുന്ന കനാലുകള്‍ പിന്നീട് ജനുവരി പാതിയിലേക്ക് വരെയെത്തി. തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂര്‍ക്കാട്, ഏനാനെല്ലൂര്‍, ആനിക്കാട്, രണ്ടാറ്റിന്‍ക്കര വഴി വലതുകര കനാല്‍ 27 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്.
ഈ മേഖലയിലെ താമസക്കാരുടെ കുടിവെള്ളവും അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നതും സമീപത്തെ തോടുകള്‍, കൈത്തോടുകള്‍ എന്നിവയുടെ ജലസ്രോതസ്സും എല്ലാം ഈ കനാലുകളാണ്.
മഴമാറിയതും താപനില വർധിച്ചതും മൂലം മിക്ക ജലസ്രോതസ്സുകളും വറ്റിക്കിടക്കുകയാണ്. കിണറുകളിലും വെള്ളമില്ലാത്ത സാഹചര്യമായതോടെ പലരും പണം മുടക്കി പുറത്തുനിന്ന് വെള്ളം എത്തിക്കുകയാണ്. കഴിഞ്ഞവര്‍ഷവും ഇടുക്കി സംഭരണിയില്‍ വെള്ളമില്ലെന്ന കാരണത്താല്‍ കനാല്‍ തുറക്കുന്നത് ഏറെ നീണ്ടു.
ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങളായി കനാലിലൂടെ വെള്ളം വിടുന്നതിന് മുമ്പ് ശുചീകരണം പോലും നടത്താറില്ല. ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട പാലങ്ങള്‍ക്ക് പകരം നടപ്പാലം ഉണ്ടാക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്. വാഹനങ്ങള്‍ കടന്ന് പോകാത്ത ഇത്തരം പാലങ്ങളോട് നാട്ടുകാര്‍ക്കും കടുത്ത എതിര്‍പ്പാണ്.
അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്ത പാലങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

