വൈറൽപനിയും പടരുന്നു; ചൂടും ഒപ്പം ചിക്കന്‍പോക്സും
text_fieldsതൊടുപുഴ: വേനല്‍ കനത്തതോടെ ജില്ലയില്‍ ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 20 ദിവസത്തിനിടെ 50 പേര്‍ക്കാണ് ചിക്കന്‍പോക്സ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിൽ 72 പേര്‍ക്കും ചിക്കന്‍പോക്സ് പിടിപെട്ടിരുന്നു.
ചൂടു കൂടിയതോടെയാണ് ചിക്കന്‍പോക്സ് കൂടുതലായി കണ്ടുതുടങ്ങിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. പനി, തലവേദന ലക്ഷണങ്ങളോടെയാണ് തുടക്കം. പിന്നീട് ശരീരത്ത് കുമിളകള്‍ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്സിന് കാരണമാകുന്നത്.
രോഗബാധിതനായ ആളിന്റെ സാമീപ്യം വഴി രോഗം പകരും. വായുവില്‍ക്കൂടി പകരുന്ന രോഗമായതിനാല്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവില്‍ അണുക്കള്‍ കലരാന്‍ ഇടയാകുന്നു. കൂടാതെ, കുമിളകളിൽനിന്നുള്ള സ്രവം പറ്റുന്നതു വഴിയും രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകരുത്. ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുമുക്തമാക്കണം.
ജലജന്യ രോഗങ്ങളെ കരുതണം -ആരോഗ്യ വകുപ്പ്
വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങളും വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലര്‍ത്തണമെന്നു ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയാണ് ഇതിൽ പ്രധാനം. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കാരണം. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് 473 പേര് ഈമാസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ജനുവരിയിൽ 774 പേരാണ് ചികിത്സ തേടിയത്. കുട്ടികള്‍ക്കിടയില്‍ വ്യാപകമായി മുണ്ടിനീരും പടരുന്നുണ്ട്. ബുധനാഴ്ച മാത്രം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഈമാസം 19 വരെ 130 പേര്‍ക്കും ഈ വര്‍ഷം 272 പേര്‍ക്കും മുണ്ടിനീര് സ്ഥിരീകരിച്ചു. വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക.
വൈറൽപനിയും ജില്ലയില്‍ വ്യാപകമായി പടരുന്നുണ്ട്. ഈമാസം 19 വരെ 3401 പേര്‍ക്കാണ് വൈറല്‍ പനി പിടിപെട്ടത്. ജനുവരിയിൽ 5988 പേർ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വൈറൽപനി ബാധിച്ച് ചികിത്സ തേടി എത്തിയതായാണ് കണക്ക്. പലയിടങ്ങളിലും ആശുപത്രികളിൽ ഡോക്ടർമാരുടെ അഭാവവും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

