അസാധാരണ മഴ; തകർന്നത് 103 വീടുകൾ
text_fieldsതൊടുപുഴ: കുറച്ച് ദിവസങ്ങളിലായി ഇടുക്കിയുടെ പല മേഖലകളും ആശങ്കയുടെ നിഴലിലാണ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റും ജന ജീവിതമാകെ താളം തെറ്റിക്കുകയാണ്. 103 വീടുകൾ ഇതിനോടകം ജില്ലയിൽ ഭാഗികമായി തകർന്നു. ഒൻപത് വീടുകൾ പൂർണമായും നശിച്ചു. മഴ തുടരുന്നതിനാൽ മനം തളരുന്ന അവസ്ഥയിലൂടെയാണ് പലരും കടന്നുപോകുന്നത്. കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് ജില്ലയുടെ പല മേഖലകളും ദിവസങ്ങളായി ഇരുട്ടിലാണ്.
ആദിവാസി മേഖലകളിൽ പലയിടത്തും കുടിനിവാസികൾ ഇരുട്ടിലാണ്. മഴ തുടരുന്നത് പല സ്ഥലങ്ങളിലും നന്നാക്കിയവൈദ്യുതിലൈനുകൾ വീണ്ടും തകരാറിലാക്കുന്നുണ്ട്. തുടർച്ചയായി തകരാറുകൾ സംഭവിക്കുന്നതിനാൽ പുനരുദ്ധാരണ പ്രവൃത്തികൾ വീണ്ടും ആരംഭിക്കേണ്ടിവരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് കെ.എസ്.ഇ.ബി, ഗ്രാമ പഞ്ചായത്തുകൾ, അഗ്നിശമന സേന, വനവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കുന്നത്.
കനത്ത കാറ്റിലും മഴയിലും തൊടുപുഴ- വെള്ളിയാമറ്റം റൂട്ടിൽ റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റുകളും മരങ്ങളും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മാറ്റുന്നു
അതികഠിന കാലാവസ്ഥയിലും. കെ.എസ്.ഇ.ബി, അഗ്നി രക്ഷസേന എന്നിവർ അടിയന്തര സേവനങ്ങൾ നടത്തുകയാണ്. വനം വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മരങ്ങൾ മുറിക്കുകയും റോഡുകൾ ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. അഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി
പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലാ കളക്ടർ അടിയന്തര നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളെ മാറ്റി പാർപ്പിച്ചു തുടങ്ങി. വെള്ളിയാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാകും ആളുകളെ മാറ്റുക.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു -കലക്ടർ
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും നാം ഈ കഠിനകാലം കടന്നു പോകുമെന്നും കലക്ടർ വി. വിഘ്നേശ്വരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ പറയുന്നതിങ്ങനെ... ഇത് ഒരു സാധാരണ മഴ അല്ല, ഇതൊരു വ്യത്യസ്തവും കടുത്തതുമായ കാലാവസ്ഥയാണ്. നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾ മനസിലാക്കുന്നു. ഇരുട്ടിനകത്ത് കാത്തിരിക്കേണ്ടി വരുന്നത് എത്രകഷ്ടമാണെന്ന് അറിയാം. പുതിയ പ്രശ്നങ്ങൾ പ്രതീക്ഷിക്കാതെയാണ് നേരിടേണ്ടി വന്നത്. ഇത് അസാധാരണമായ പ്രകൃതി ദുരന്തമാണ്.
വകുപ്പുകൾ അക്ഷരാർഥത്തിൽ മനുഷ്യശക്തിയ്ക്ക് കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുകയാണ്. അവരൊക്കെ സേവനങ്ങൾ മാത്രം പുനസ്ഥാപിക്കുകയല്ല, ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ സന്ദർഭം ഭരണകൂടത്തിന്റെയും ജനങ്ങളുടേയും ഏകോപിതമായ പ്രതിജ്ഞയായി മാറട്ടെ. ഇത് നമ്മെ ഒരുമിപ്പിക്കട്ടെ. സുരക്ഷിതമായി വീട്ടിനകത്തുതന്നെ തുടരാനും താമസ യോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ, റിസ്ക് മേഖലയിൽ ഉള്ളവർ, ദയവായി റിലീഫ് ക്യാമ്പിലേക്ക് മാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

