രണ്ടുവർഷം; ‘സ്നേഹിത’യിലെത്തുന്ന ഗാർഹികപീഡന കേസുകളിൽ വർധന
text_fieldsതൊടുപുഴ: രണ്ടുവർഷത്തിനിടെ ‘സ്നേഹിത’യിലെത്തിയത് 2500ഓളം ഗാർഹികപീഡന കേസുകൾ. കുടുംബശ്രീ മിഷന് കീഴിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകളിലാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം 2342 ഗാർഹികപീഡന പരാതികൾ റിപ്പോർട്ട് ചെയ്തത്. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ ഒരു വ്യാഴവട്ടക്കാലം മുമ്പാണ് സംസ്ഥാനത്ത് സ്നേഹിതയുടെ സഹായ കേന്ദ്രങ്ങൾ ആരംഭിച്ചത്.
മിഷന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 14 ജില്ല കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി സ്നേഹിത കൈകാര്യം ചെയ്തത് 14,867 കേസുകളാണ്. ഇതിൽ 8492 പരാതികൾ നേരിട്ടും 6375 പരാതികൾ ടെലിഫോൺ മുഖാന്തരവുമാണ് ലഭിച്ചത്. ഇക്കൂട്ടത്തിലാണ് 2342 ഗാർഹികപീഡന പരാതികളും ഉൾപ്പെടുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പ്രകാരം പീഡനപരാതികളിൽ ആനുപാതിക വർധനവാണ് രേഖപ്പെടുത്തുന്നത്. 2024ൽ 1139 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്. ഈ വർഷം അത് 1203 ആയി വർധിച്ചു. പൊതുവായ പരാതികളും വർധിച്ചു. 2024ൽ ആകെ ലഭിച്ചത് 6375 പരാതികളാണെങ്കിൽ പോയ വർഷം അത് 7866 ആയി കുത്തനെ ഉയർന്നിട്ടുണ്ട്.
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമ കേസുകളിലും ഈ വർധനവുണ്ട്. 2024ൽ 235 കേസുകളാണ് വിവിധ ജില്ലകളിലായി സ്നേഹിതക്ക് കീഴിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ പോയവർഷം അത് 254 ആയാണ് വർധിച്ചത്. ഗാർഹിക പീഡന, പോക്സോ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം, ഇടുക്കി, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ രീതിയിലുള്ള അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഒരാഴ്ചവരെ സൗജന്യ താമസ,ഭക്ഷണ, വൈദ്യ,നിയമസഹായവും പുനരധിവാസവുമാണ് സ്നേഹിതവഴി ഉറപ്പാക്കുന്നത്. ഇതോടൊപ്പം നേരിട്ടും ഫോൺ വഴിയും കൗൺസലിങ് സേവനവും നൽകുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ തനിയെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്കുള്ള താമസസൗകര്യവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

