രണ്ട് പരീക്ഷ ഒരേ ദിവസം; ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് പരാതി
text_fieldsRepresentational Image
തൊടുപുഴ: കേരള പി.എസ്.സി രണ്ട് വ്യത്യസ്ത തസ്തികയിലേക്ക് നടത്തുന്ന തസ്തികമാറ്റ (ബൈട്രാൻസ്ഫർ) പരീക്ഷകൾ ഒരേ ദിവസം നടത്തുന്നത് ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി പരാതി. എം.എഡ് യോഗ്യതയുള്ള സർക്കാർ സർവിസിലെ ഉദ്യോഗാർഥികൾക്കുള്ള രണ്ട് പരീക്ഷയാണ് ഒരേ ദിവസം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കാറ്റഗറി നമ്പർ 391/2022-ലെക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എജുക്കേഷൻ ആൻഡ് ആക്ഷൻ റിസർച്, കാറ്റഗറി നമ്പർ 565/2022-ബി.എഡ് ട്രെയിനിങ് കോളജ് അസി. പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള തസ്തികമാറ്റ പരീക്ഷകൾ ഒക്ടോബർ ഏഴിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴാണ് രണ്ടും ഒരേ ദിവസമാണെന്ന് ഉദ്യോഗാർഥികൾ മനസ്സിലാക്കിയത്. ഇതോടെ ഒരെണ്ണം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പി.എസ്.സിയെ സമീപിച്ചു. എന്നാൽ, രണ്ട് പരീക്ഷയും എഴുതുന്ന ഉദ്യോഗാർഥികൾ കുറവായതിനാൽ ഷെഡ്യൂൾ മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഉദ്യോഗാർഥികൾ.
ലെക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എജുക്കേഷൻ ആൻഡ് ആക്ഷൻ റിസർച് തസ്തികയിലേക്ക് ഒക്ടോബർ ഏഴിന് തന്നെ ഡയറക്ട് റിക്രൂട്ട്മെന്റ് പരീക്ഷയും നടക്കുന്നുണ്ട്. അതിനാൽ ഈ പരീക്ഷ മാറ്റുകയെന്നത് ശ്രമകരമാണ്. എന്നാൽ, ബി.എഡ് ട്രെയിനിങ് കോളജ് അസി. പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് സംസ്ഥാന തലത്തിൽ എട്ട് ഉദ്യോഗാർഥികൾ മാത്രമാണുള്ളത്. അതിനാൽ ഈ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടത്.
രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പരീക്ഷകളെങ്കിലും പല ഉദ്യോഗാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ വെവ്വേറെയാണ്. പരാതിയുമായി പി.എസ്.സിയെ സമീപിച്ചവർക്ക് രണ്ട് പരീക്ഷയും ഒരേ കേന്ദ്രത്തിലാക്കി നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, വ്യത്യസ്ത സിലബസുകളെ അടിസ്ഥാനപ്പെടുത്തി ഉന്നത നിലവാരമുള്ള വിവരണാത്മക രീതിയിലുള്ള പരീക്ഷ ഒരു ദിവസംതന്നെ രണ്ടെണ്ണം എഴുതേണ്ടി വരുന്നത് പ്രയാസമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ബി.എഡ് ട്രെയിനിങ് കോളജ് അസി.പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് പരീക്ഷ മറ്റ് പി.എസ്.സി പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത ദിവസത്തേക്ക് മാറ്റി പരീക്ഷ കലണ്ടറിൽ ഉണ്ടായ അപാകത പരിഹരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.