കെ.വി ലൈനിലേക്ക് മരം വീണു; തൊടുപുഴ നഗരത്തിലടക്കം വൈദ്യുതി മുടങ്ങി
text_fieldsകരിങ്കുന്നത്ത് 66 കെ.വി വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണപ്പോൾ
തൊടുപുഴ: കരിങ്കുന്നത്ത് 66 കെ.വി ലൈനിന് മുകളിലേക്ക് കൂറ്റൻ മരം വീണതിനെ തുടർന്ന് തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലുമടക്കം വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി. തൊടുപുഴ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളിലാണ് മരംവീണ് പൊട്ടിയത്.
ഇതുമൂലം തൊടുപുഴ സബ് സ്റ്റേഷനിൽനിന്ന് ചാർജ് ചെയ്തിരുന്ന ഫീഡറുകൾ ഭാഗികമായി മാത്രമേ വെള്ളിയാഴ്ച ചാർജ് ചെയ്യാൻ കഴിഞ്ഞുള്ളൂ. മറ്റ് സബ് സ്റ്റേഷനുകളിൽനിന്ന് വൈദ്യുതി ബാക്ക് ഫീഡ് ചെയ്താണ് വൈദ്യുതി താൽക്കാലികമായി എത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടും വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
ഇതുമൂലം അടിക്കടി വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. വ്യാപാര മേഖലയിലടക്കം വലിയ പ്രതിസന്ധിയാണുണ്ടായത്. വ്യാഴാഴ്ച വൈകീട്ടോടെ ഉണ്ടായ കനത്ത മഴയിലാണ് കരിങ്കുന്നത്ത് 66 കെ.വി ലൈനിലേക്ക് മരംവീണ് വൈദ്യുതി ലൈനുകൾ പൊട്ടിയത്.
കരിങ്കുന്നം പുത്തൻപള്ളിയോട് ചേർന്ന് നാലിടങ്ങളിലും വൈദ്യുതി കമ്പികൾ പൊട്ടിയതോടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നീണ്ടുപോകുകയായിരുന്നു. നഗരത്തിലും സമീപ പഞ്ചായത്തുകളിലും അടിക്കടിയുണ്ടായ വൈദ്യുതി മുടക്കം സർക്കാർ ഒഫിസുകൾ, ഫയർഫോഴ്സ്, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.
ഹോട്ടല്‍, ബേക്കറി, റസ്റ്റോറന്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ആശുപത്രികള്‍, സോമില്‍ എന്നീ വ്യാപാര മേഖലകളിലും വൈദ്യുതി മുടക്കം ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ വൈദ്യുതി ഇടക്കിടെ വന്നും പോയും ഇരുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ചെറിയ ഹോട്ടലുകളുടെയും വ്യാപരസ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റി.
വൈകീട്ട് മൂന്ന് മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും വൈകീട്ട് ഏഴ് മണിയായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ തൊടുപുഴ നഗരത്തിലും സമീപ മേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാണെന്ന ആക്ഷേപവും ശക്തമാണ്.
അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പ് നൽകിയുള്ള വൈദ്യുതി മുടക്കം വേറെയും. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ വൈദ്യുതി മുടക്കം ആവർത്തിച്ചിരുന്നു.
രൂക്ഷമായ വൈദ്യുതി മുടക്കം നഗരത്തിലെയും ഗ്രാമപ്രദേശത്തെയും വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടവും ദുരിതവുമാണ് വരുത്തുന്നതെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത സാഹചര്യമാണുള്ളതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

