പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ
text_fieldsതൊടുപുഴ: പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഒന്നര വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ. റിട്ട. കൃഷി ഫാം ജീവനക്കാരൻ കുമാരമംഗലം പെരുമ്പള്ളിച്ചിറ പുതിയിടത്തുകുന്നേല്‍ മുഹമ്മദ് (മമ്മൂഞ്ഞ് - 68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവര്‍ കുമാരമംഗലം പൊന്നാംകേരില്‍ അനന്ദു അനില്‍ (24), പെണ്‍കുട്ടിയുടെ അടുത്ത ബന്ധു എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മുഹമ്മദും അനന്ദുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പീഡിപ്പിച്ചത്. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരും ഇടനിലക്കാരനും മാതാവും ഉള്‍പ്പെടെ സംഭവത്തില്‍ ആകെ 11 പേര്‍ അറസ്റ്റിലായി.
അറസ്റ്റിലായ മാതാവിനെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ മാതാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് സംരക്ഷണയില്‍ തൊടുപുഴയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനും കുമാരമംഗലം സ്വദേശിയുമായ ബേബി എന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിച്ചത്. രണ്ട് മാസം മുമ്പ് വരെ പീഡനം തുടര്‍ന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയായതും പീഡനമേറ്റതും ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

