മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ഭീഷണി; മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കി
text_fieldsമൂന്നാറിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന
തൊടുപുഴ: മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നേരിട്ട ഭീഷണിക്ക് പിന്നാലെ മൂന്നാറിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പും പൊലീസും. നിയമലംഘകരെ കണ്ടെത്തുന്നതിനും കർശന നടപടിക്കുമായി ദേവികുളം, ഇടുക്കി ജോയന്‍റ് ആർ.ടി.ഒമാരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദുചെയ്തിട്ടുണ്ട്.
ഇടുക്കിയിലെ വിനോദസഞ്ചാര മേഖല കുതിക്കുന്നുവെന്ന് നാഴികക്ക് നാൽപത് വട്ടവും മന്ത്രിയടക്കം പറയുമ്പോഴും ഇവിടെയെത്തുന്ന സഞ്ചാരികൾ നേരിടുന്ന ദുരവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കഴിഞ്ഞ ദിവസം മുബൈ സ്വദേശിനിയായ യുവതിക്ക് മൂന്നാറിൽ നേരിടേണ്ടി വന്നത്. ഓൺലൈൻ ടാക്സി കാറിൽ മൂന്നാറിലെത്തുന്ന പലർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു.
മൂന്നാറിൽ ഓൺലൈൻ ടാക്സി വാഹനങ്ങൾക്ക് തദ്ദേശീയരായ ഡ്രൈവർമാർ വിലക്കേർപ്പെടുത്തുന്നുവെന്നാണ് വിവരം. ഒരു വർഷത്തിനിടെ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ മർദിച്ചതും തടഞ്ഞതും ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങൾ മൂന്നാർ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഓൺലൈൻ ടാക്സികളെ വിലക്കുന്ന സംഭവങ്ങളോ അത്തരത്തിലുള്ള പരാതികളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
മൂന്നാറിൽ സഞ്ചാരികൾക്ക് വാടകക്ക് നൽകാനായി എത്തിച്ച ഇരുചക്രവാഹനങ്ങൾ രണ്ട് വർഷം മുമ്പ് ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്ന് തിരികെക്കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി മൂന്നാറിൽ ഇറക്കിയ ഡബിൾ ഡെക്കർ ബസിനെതിരെയും ടാക്സി ഡ്രൈവർമാർ പ്രതിഷേധിച്ചിരുന്നു. ബസ് ഉദ്ഘാടനത്തിനായെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വഴിയിൽ തടയുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നാറിൽ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനയും നടപടികളുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോഴത്തെ സംഭവത്തിൽ മൂന്നാറിൽ ഗുണ്ടായിസം നടക്കുന്നുവെന്നാണ് ഗണേഷ് വിമർശിച്ചത്. ഡ്രൈവർമാർ വിനോദസഞ്ചാരികളോട് ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വരും ദിവസങ്ങളിലും നിയമലംഘനകൾ കണ്ടെത്തി കർശന ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് ഇടുക്കി ആർ.ടി.ഒ പറഞ്ഞു. മാത്രമല്ല നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ പിഴയീടാക്കിയതിൽ തിരിച്ചടക്കകാത്തവർക്കെതിരെയും നടപടി ഉണ്ടാകും. എല്ലാ ഡ്രൈവർമാരുടെയും രേഖകളടക്കം പരിശോധിച്ച് വരികയാണെന്നും ദേവികുളം ജോയന്‍റ് ആർ.ടി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

