പരിസ്ഥിതി ചലച്ചിത്രോത്സവവുമായി തൊടുപുഴ ഫിലിം സൊസൈറ്റി
text_fieldsതൊടുപുഴ: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലത്തെ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതൽ ജൂൺ 18 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
തൊടുപുഴ ന്യൂമാൻ കോളജ്, സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ, എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂൾ, മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ കുമ്പംകല്ല്, ബി.ടി.എം യു.പി സ്കൂൾ, പൈനാവ്, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, കുടയത്തൂർ സരസ്വതി വിദ്യാനികേതൻ, കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ, മണക്കാട് എൻ.എസ്.എസ് ഹൈസ്കൂൾ, ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂൾ , തൊടുപുഴ ഡയറ്റ് ലാബ് എൽ.പി സ്കൂൾ തുടങ്ങി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സന്നദ്ധസംഘടനകളുമായി ചേർന്നുമാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ജൂൺ 5ന് രാവിലെ തൊടുപുഴ ന്യൂമാൻ കോളജിൽ നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പരിസ്ഥിതിയും ജൈവവൈവിധ്യവും ആഗോളതാപനവും പ്രമേയമാക്കിയ വിവിധ ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

