കെ-സ്മാർട്ടാകാൻ തൊടുപുഴ നഗരസഭ സേവനങ്ങൾ മൊബൈൽ ആപ്പുവഴി
text_fieldsതൊടുപുഴ: കെ-സ്മാർട്ടാകാൻ തൊടുപുഴ നഗരസഭ ഒരുങ്ങുന്നു. സേവനങ്ങൾ മൊബൈൽ ആപ്പുവഴി നൽകുന്ന കെ-സ്മാർട്ട് പദ്ധതിക്ക് ജനുവരി 26 മുതൽ പരീക്ഷണാർഥം നഗരസഭയിൽ തുടക്കമിടാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ആപ്പുവഴി നൽകുന്ന പദ്ധതിയാണ് കെ-സ്മാർട്ട്. ജനന മരണ രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ്, പൊതുജന പരിഹാര സംവിധാനം എന്നീ സേവനങ്ങളാകും തുടക്കത്തിൽ നൽകുക. സംസ്ഥാനത്ത് പദ്ധതി നടപ്പിൽ വരുന്ന എട്ട് നഗരസഭകളിലൊന്ന് തൊടുപുഴയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും ഓഫിസ് നടപടികൾക്കും ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ മുപ്പതോളം സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. ഇവയെ ഒറ്റ മൊബൈൽ അധിഷ്ഠിത ആപ്പിക്കേഷനായി സമന്വയിപ്പിച്ച് ഓരോ പൗരനും ഒറ്റ സൈൻ ഓൺ സേവനം സാധ്യമാക്കും. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത 23 സോഫ്റ്റ് വെയറുകൾ തൊടുപുഴ നഗരസഭയിൽ വിന്യസിച്ച് സേവനങ്ങൾ നൽകിവരുന്നുണ്ട്. വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ സംയോജിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകുന്നതിനും ജീവനക്കാരിലെ ജോലിഭാരം കുറച്ച് കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വികസിപ്പിച്ച സോഫ്റ്റ്വെയറാണ് കെ-സ്മാർട്ട്.
ലോകത്തെവിടെ നിന്നും അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും കഴിയും. കെട്ടിട നികുതി, വിവാഹ രജിസ്ട്രേഷൻ, സാമൂഹിക സുരക്ഷ പെൻഷൻ സേവനങ്ങൾ, ഔദ്യോഗിക യോഗങ്ങൾ നടത്താനും മിനിറ്റ്സ് രേഖപ്പെടുത്താനുമുള്ള നടപടികൾ തുടങ്ങിയവ ജൂൺ മാസത്തോടെ ഇതിന്റെ ഭാഗമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.