കൈക്കൂലിക്കാരനെ വിജിലൻസിനെ കൊണ്ട് പിടിപ്പിച്ചു; നഗരസഭ അധികൃതർ പക പോക്കുന്നതായി പരാതി
text_fieldsതൊടുപുഴ: സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ വിജിലൻസിനെ കൊണ്ട് പിടിപ്പിച്ചതിനെ തുടർന്ന് പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ പെർമിറ്റ് നൽകാതെ തൊടുപുഴ നഗരസഭ അധികൃതർ പക പോക്കുന്നതായി പരാതി.
‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിലാണ് സ്കൂൾ അധികൃതർ പരാതിയുമായെത്തിയത്. കുട്ടികൾക്ക് സുരക്ഷിത കെട്ടിടം നിർമിക്കുന്നതിന് പെർമിറ്റിനായി നഗരസഭയിൽ ഒന്നിലധികം തവണ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ കാണിച്ച് മടക്കിയതായി പരാതിയിൽ ചൂണ്ടിക്കാട്ടി. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിന്റെ പേരിൽ നഗരസഭയിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായാണ് കുമ്മംകല്ല് ബി.ടി.എം എൽ.പി സ്കൂൾ അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്ത് വീണ്ടും അപേക്ഷിച്ചെങ്കിലും അപേക്ഷയിലും പ്ലാനിലും ഉള്ള കാര്യങ്ങൾ അടക്കം ഇല്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു.
ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 140ഓളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരുമുണ്ട്. ഷീറ്റ് മേഞ്ഞതാണ് നിലവിലെ കെട്ടിടം. ഇതിന് പകരം സുരക്ഷിത കെട്ടിടം നിർമിക്കുന്നതിനാണ് സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നത്. സ്കൂൾ അധികൃതരുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന് അദാലത്തിൽ വെച്ച് മന്ത്രി വി.എൻ. വാസവൻ ഉറപ്പുനൽകി. പരാതി പരിശോധിച്ച് ബിൽഡിങ് പെർമിറ്റ് അനുവദിക്കാൻ ടൗൺ പ്ലാനറോട് നിർദേശിക്കുകയും ചെയ്തു.
തൊടുപുഴയിൽ 478 അപേക്ഷ
തൊടുപുഴ: താലൂക്ക് തല അദാലത്തിൽ 478 അപേക്ഷ ലഭിച്ചു. 348 അപേക്ഷകളിൽ തീരുമാനം എടുക്കുകയും 130ൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രിമാർ അറിയിച്ചു. അദാലത് വേദിയിൽ 20 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് താലൂക്ക് അദാലത്തുകളിലായി ആകെ 1829 അപേക്ഷ ലഭിച്ചു. ഇതിൽ 1035 അപേക്ഷകളിൽ നടപടി സ്വീകരിച്ചു. 794 അപേക്ഷകൾ നടപടികൾ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.