കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗൺസിലർ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി
text_fieldsതൊടുപുഴ: നഗരസഭ 11ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാർഥിയായി കഴിഞ്ഞ നഗരസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മാത്യു ജോസഫ് 2021 സെപ്റ്റംബർ 16ന് യു.ഡി.എഫിൽനിന്ന് സി.പി.എമ്മിലേക്ക് കൂറുമാറിയതിനെ തുടർന്ന് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി.
ഹരജിക്കാർ അഡ്വ. ജോസി ജേക്കബ് മുഖേന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ മാത്യുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാത്യു ജോസഫ് കൂറുമാറിയ സമയം അദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നില്ല എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് കമീഷൻ ഹരജി തള്ളുകയും അതിനെതിരെ ഹരജിക്കാർ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് അംഗീകൃത രാഷ്ട്രീയ പാർട്ടി ആയിരുന്നില്ലെന്നും അതിനാൽ തന്നെ കൂറുമാറ്റം നിലനിൽക്കില്ലെന്നുമുള്ള മാത്യു ജോസഫിന്റെ വാദം ഹൈകോടതി അംഗീകരിച്ചില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന വേളയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു എന്ന് ഹൈകോടതി പ്രഖ്യാപിച്ചു. അതിനാൽ ജോസഫ് ഗ്രൂപ് സ്ഥാനാർഥികളായി മത്സരിച്ചവർ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കോ മറ്റ് മുന്നണിയിലേക്ക് കൂറുമാറിയാൽ അംഗങ്ങൾ അയോഗ്യരാകുന്നതാണ് ഹൈകോടതി വിധി.
തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ കൂറുമാറുന്നതിലൂടെ സർക്കാർ ഖജനാവിന് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കൂറുമാറിയവരിൽനിന്ന് ഈടാക്കുന്നതിന് നിയമനിർമാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ഹൈകോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിയിൽ നിർദേശിച്ചു. ഹരജിക്കാർക്കുവേണ്ടി അഡ്വ. കെ.സി. വിൻസന്റ്, അഡ്വ. മാത്യു കുഞ്ചത്ത്, അഡ്വ. ജോസി ജേക്കബ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

