അപകടം വിതച്ച് തൊടുപുഴ-മൂവാറ്റുപുഴ റോഡ്
text_fieldsതൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ അപകടം പതിവാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ അപകട സാധ്യത മേഖലയാണ് ഇവിടം. തിങ്കളാഴ്ച രാത്രി അച്ചന്കവലക്ക് സമീപം പിക്അപ് ബൈക്കിലിടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. മടക്കത്താനം തൊട്ടിയില്‍ മോഹനന്റെ മകന് അമിത്താണ് (22) വീട്ടിലേക്കു മടങ്ങുന്നതിനിടെ മരിച്ചത്.
ഏതാനും മാസങ്ങളായി തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഉണ്ടായ അപകടങ്ങളില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒട്ടേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമൊക്കെയാണ് പ്രദേശത്തെ അപകടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ മാസം മൂന്നിന് കദളിക്കാട് കാണിയാംകുന്നേല് അനീഷ് ഫ്രാന്‍സിസ് (34) ഇതേ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
പാതയോരത്തുകൂടി നടന്നു പോകുകയായിരുന്ന അനീഷിനെ വാഹനമിടിച്ചായിരുന്നു മരണം സംഭവിച്ചത്. ആഗസ്റ്റ് മൂന്നിന് പുലര്‍ച്ച കദളിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ ഉടുമ്പന്നൂര്‍ അമയപ്ര ഇടക്കാട്ടില്‍ വിശാഖ് (26) മരിച്ചു. ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ഏപ്രില്‍ 17ന് വാഴക്കുളത്തിനു സമീപമുണ്ടായ അപകടത്തില്‍ രണ്ടു വയസ്സുകാരനടക്കം മൂന്നു പേരാണ് മരിച്ചത്. വേങ്ങച്ചുവട് കൂവേലിപ്പടിക്ക് സമീപം പാർസല്‍ വാന്‍ ഇടിച്ച് വേങ്ങച്ചുവട് കുഞ്ചിലക്കാട്ട് പ്രജേഷ്(40), മകന് അലാന്, അയല്‍വാസിയായ ഇഞ്ചപ്ലാക്കല്‍ മേരി (55)എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ റോഡ് സൈഡിലൂടെ നടന്നുപോയ ഇവരെ നിയന്ത്രണം വിട്ടെത്തിയ പാർസല്‍ വാന്‍ ഇടിക്കുകയായിരുന്നു.
ഏപ്രില്‍ എട്ടിന് മടക്കത്താനത്തുണ്ടായ അപകടത്തില്‍ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ മടക്കത്താനം തകിടിയേല്‍ നജീബ് അബ്ദുൽ കരീം (47) മരിച്ചിരുന്നു. നോമ്പുതുറക്കായുള്ള സാധനങ്ങള്‍ വാങ്ങാന്‍ വീടിന് സമീപത്തെ കടയിലേക്കുപോയ നജീബിനെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് നടന്ന ഈ അപകടങ്ങള്‍ക്ക് പുറമെ ഇതിനു മുമ്പും ഇതേ റൂട്ടിലുണ്ടായത് നിരവധി അപകടങ്ങളാണ്. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പെട്ട് മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ ഈ പാതയില്‍ പതിവായിട്ടും അധികൃതര്‍ കാരണം കണ്ടെത്താനോ അപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു കൂടാതെ പാതയുടെ നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന കാര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും പോരായ്മകള്‍ പരിഹരിക്കാൻ മോട്ടോര്‍വാഹന, പൊതുമരാമത്ത് വകുപ്പുകള്‍ ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.