തൊടുപുഴയിൽ തമ്പടിച്ച് മോഷ്ടാക്കൾ: ബൈക്ക് മോഷണവും പതിവാകുന്നു
text_fieldsrepresentative image
തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും മോഷ്ടാക്കൾ വിലസുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമെ നഗരത്തിൽനിന്ന് ബൈക്ക് മോഷണവും പതിവാണ്. വഴിത്തലയിൽ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം മോഷണംപോയതിന് പിന്നാലെ നഗരത്തിലെ പേ ആൻഡ് പാർക്കിൽനിന്ന് ബൈക്ക് കാണാതായി. വഴിത്തല കുരിശുങ്കൽ ഡോ. അതുൽ ജോയിയുടെ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് ബൈക്കിന്റെ ലോക്ക് തകർത്താണ് കടത്തിയത്.
വളരെ വിദഗ്ധമായാണ് ബൈക്കിന്റെ ലോക്ക് തകർത്ത് വാഹനം പുറത്തേക്ക് തള്ളിയിറക്കി സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയത്. ഇതിന് പിന്നിൽ സ്ഥിരം ബൈക്ക് മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അതുൽ ജോയിയുടെ ബൈക്ക് തട്ടക്കുഴക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശാസ്താംപാറ പുത്തൻപുരയിൽ അഖിൽ സോമന്റെ പൾസർ ബൈക്കും പേ ആൻഡ് പാർക്കിൽനിന്ന് കടത്തി. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന പോത്തിനെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയതും കഴിഞ്ഞ ദിവസമാണ്. പെരുമ്പിള്ളിച്ചിറ കറുക കൊച്ചിലവുങ്കൽ ലത്തീഫിന്റെ പോത്തിനെയാണ് കഴിഞ്ഞ 16ന് രാത്രി മോഷ്ടാക്കൾ വാഹനത്തിൽ കടത്തിയത്.
കോലാനി -വെങ്ങല്ലൂർ ബൈപാസിൽ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കെട്ടിയിരുന്ന പോത്തിനെ മോഷ്ടാക്കൾ പിക്അപ് വാനിൽ കയറ്റുന്നതിന്റെയും കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറകളിൽനിന്ന് ലഭിച്ചിരുന്നു. പലപ്പോഴും മോഷണക്കേസുകളിൽ സി.സി ടി.വി ദൃശ്യങ്ങളാണ് പൊലീസിന് പ്രധാനമായും അന്വേഷണത്തിന് സഹായകമാകുന്നത്. എന്നാൽ, മോഷ്ടാക്കൾ മുഖം മറച്ചും മാസ്കും ഹെൽമറ്റും മറ്റും ധരിച്ചുമാണ് ഇപ്പോൾ രംഗത്തിറങ്ങുന്നത്. അതിനാൽ ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
കോവിഡുമായി ബന്ധപ്പെട്ട ജോലി വർധിച്ചതോടെ പൊലീസ് പെട്രോളിങ് കുറവുവന്നതും മോഷ്ടാക്കൾക്ക് സഹായമായി. കഴിഞ്ഞദിവസം വെട്ടിമറ്റം കവലയിൽ പ്രവർത്തിക്കുന്ന കെ.സി. റബേഴ്സ് സ്ഥാപനത്തിൽനിന്ന് 1200 കിലോ റബർ ഷീറ്റും മോഷണംപോയി. കലയന്താനി കാനാപറമ്പിൽ ജോർജിന്റെ ഉടമസ്ഥതയിലെ കടയുടെ പിൻവാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. പുറമേ അലമാരയിൽ സൂക്ഷിച്ച എണ്ണായിരത്തോളം രൂപയും നഷ്ടപ്പെട്ടു.
മോഷണത്തിനുപിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇത്രയും റബർഷീറ്റ് കടത്തിക്കൊണ്ടുപോകണമെങ്കിൽ അതിനുതക്ക സംവിധാനത്തോടെയാകാം മോഷ്ടാക്കൾ എത്തിയതെന്നാണ് വിലയിരുത്തൽ. പ്രതികളെക്കുറിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

