ദൗത്യസംഘം ജോലി തുടങ്ങി; മല കയറി വിവാദങ്ങളും
text_fieldsതൊടുപുഴ: മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ദൗത്യം ആരംഭിച്ച് ചിന്നക്കനാൽ വില്ലേജിൽ ആദ്യ കൈയേറ്റം ഒഴിപ്പിച്ചപ്പോൾതന്നെ വിവാദങ്ങളും തല പൊക്കിത്തുടങ്ങി.
മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ നിയമനടപടികൾ ആദ്യം വാർത്തയിൽ വന്നത് 2007ൽ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്കുമാർ, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവർക്കാണ് നൽകിയത്. നേതാക്കളുടെ കൈയേറ്റങ്ങൾക്കെതിരെയും പാർട്ടി ഓഫിസുകൾക്കെതിരെയും നടപടി വന്നതോടെ ഒഴിപ്പിക്കൽ വലിയ രാഷ്ട്രീയ വിവാദമായി. മേയിൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടി ജൂണിൽ അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും ദൗത്യ സംഘം നടപടികളുമായി മൂന്നാറിലെത്തിയതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും വിവാദങ്ങളും ഉടലെടുക്കുകയാണ്.
ഭരണകക്ഷിയായ സി.പി.എം തന്നെയാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. വി.എസ്. സർക്കാറിന്റെ കാലത്ത് മൂന്നാറിൽ ദൗത്യസംഘം അഴിഞ്ഞാടിയതുപോലെ പുതിയ ദൗത്യസംഘവും പെരുമാറിയാൽ ചെറുക്കുമെന്ന് എം.എം. മണി ആദ്യ പ്രതികരണം നടത്തി. നിയമപരമായി കാര്യങ്ങൾ നടത്തിയാൽ ചെറുക്കില്ലെന്നും അന്നത്തെ നടപടികളുടെ ഫലം ഇപ്പോഴും അനുഭവിക്കുകയാണെന്നുമായിരുന്നു എം.എം. മണി പറഞ്ഞത്. കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുകയാണെന്നും സർക്കാർ ഭൂമി കൈയേറിയ പല വമ്പന്മാരെയും പിടിച്ച് അകത്തിടണമെന്നുമായിരുന്നു സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പ്രതികരിച്ചത്. തുടർന്ന് ഇരുവരും വിഷയത്തിൽ ദിവസങ്ങളോളം കടുത്ത വാഗ്വാദങ്ങളിലേർപ്പെട്ടു.
വ്യാഴാഴ്ച ഒഴിപ്പിക്കൽ തുടങ്ങിയ ശേഷവും നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യത്തിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന മന്ത്രി കെ. രാജന്റെ പ്രതികരണത്തിന് പിന്നാലെ റവന്യൂമന്ത്രിക്ക് എന്തും പറയാമെന്നായിരുന്നു എം.എം. മണിയുടെ പ്രതികരണം. വനഭൂമി പുതുതായി കൈയേറിയിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കേണ്ടത് തന്നെയാണ്.
ജനങ്ങളുടെ പ്രതിഷേധം ന്യായമായാൽ അവർക്കൊപ്പം നിൽക്കുമെന്നും എം.എം. മണി പറഞ്ഞു. അതേസമയം, ചിന്നക്കനാലിൽ ഒഴിപ്പിച്ചത് കൈയേറ്റംതന്നെയാണെന്നാണ് സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്റെ പ്രതികരണം. ചിന്നക്കനാലിലെ കുടിയേറ്റ മൊഴിപ്പിക്കൽ കോടതി നിർദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചത്. ഇതിനിടെ മറ്റൊരുവിധ നടപടികളിലേക്കും കടക്കില്ലെന്ന് കലക്ടർ ഉറപ്പുനൽകിയെന്ന സി.വി. വർഗീസിന്റെ പ്രസ്തവനയും വിവാദമായി. ഇങ്ങനെയൊരു ഉറപ്പ് താൻ കൊടുത്തിട്ടില്ലെന്നാണ് വിഷയത്തിൽ കലക്ടർ പ്രതികരിച്ചതോടെ വരുംദിവസങ്ങളിലും കൈയേറ്റമൊഴിപ്പിക്കൽ മലയോരത്ത് വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

