കുഴിക്കെണികൾ അടച്ചുതുടങ്ങി
text_fieldsതൊടുപുഴ: നഗരത്തിലെ ബൈപാസുകളിലെ അപകടക്കുഴികളിൽ ചിലത് പൊതുമരാമത്ത് അധികൃതർ തിങ്കളാഴ്ച താൽക്കാലികമായി അടച്ചു. കാഞ്ഞിരമറ്റം- മങ്ങാട്ടുകവല- മൂപ്പിൽകടവ് എന്നിവിടങ്ങളിലടക്കമാണ് ടാർ മിശ്രിതം ഉപയോഗിച്ച് വലിയ കുഴികൾ മുടി യാത്രദുരിതത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.ഈ റോഡുകളിലെയടക്കം ദുരിതയാത്ര ചൂണ്ടിക്കാട്ടി 'മാധ്യമം' വാർത്ത നൽകിയിരുന്നു.
ബൈപാസുകളിലെ ചെറിയ കുഴികളിൽ മഴവെള്ളം വീണ് കെട്ടിക്കിടക്കുന്നതുമൂലം ബൈക്ക് യാത്രികരും ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ദുരിതത്തിലായിരുന്നു. ഇവർ അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയായിരുന്നു.വൻ കുഴികളായിരുന്നു പലയിടത്തും രൂപപ്പെട്ടിരുന്നത്. നഗരത്തിലെ റോഡുകൾ റീടാർ ചെയ്യാൻ ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
റീടാർ ചെയ്യാൻ പൊതുമരാമത്തിന് അഞ്ചരക്കോടി അനുവദിച്ചിരുന്നതായും പ്രഖ്യാപിച്ചിരുന്നു. മഴയാണ് തടസ്സമായി നിൽക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ, വേനൽക്കാലത്ത് റോഡ് റീടാർ ചെയ്യാമായിരുന്നെങ്കിലും നീട്ടിക്കൊണ്ടുപോയതാണ് ഇത്രയും ദുരിതത്തിന് കാരണമായതെന്ന് യാത്രക്കാരും കുറ്റപ്പെടുത്തുന്നു.
താൽക്കാലികമായി അടച്ച കുഴികൾ വൈകാതെ തന്നെ പഴയപടിയാകുമെന്നും അടിയന്തരമായി മഴ മാറുന്നതിനനുസരിച്ച് റോഡ് റീടാർ ചെയ്യണമെന്നും ഇവർ പറയുന്നു. അതേസമയം, താൽക്കാലികമായി ടൗണിൽ കുഴികൾ അടച്ചുതുടങ്ങിയതായും മഴ മാറിനിന്നാൽ ഉടൻ റീടാർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പി.ഡബ്ല്യു.ഡി അധികൃതരും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.