ഇടമലക്കുടിയുടെ അക്ഷര വെളിച്ചം; വേതനം കേവലം ഏഴായിരം
text_fieldsവിജയ ലക്ഷ്മി ടീച്ചർ ഇഡലിപ്പാറക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ കുട്ടികൾക്കൊപ്പം
തൊടുപുഴ: വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിലൂടെ കിലോമീറ്ററുകൾ താണ്ടി ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറക്കുടിയിലെ കുട്ടികൾക്ക് അക്ഷര വെളിച്ചം പകരുന്ന ഒരു അധ്യാപികയുണ്ട്. 29 വർഷം മുൻപ് 750 രൂപ മാസശമ്പളത്തിൽ കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ എത്തിയ വിജയ ലക്ഷ്മി ടീച്ചർ കുട്ടികൾക്കിപ്പോൾ അവരുടെ ടീച്ചറമ്മയാണ്.
സ്വന്തം വീട് പോലും മറന്ന് വനത്തിനുള്ളിലെ കുടിയിൽ ജോലി ചെയ്യുന്ന ഈ ടീച്ചർക്ക് ലഭിക്കുന്നതാകട്ടെ ഏഴായിരം രൂപ മാത്രം. കുടിയിലെ സ്കൂളിൽ നിന്ന് അടിമാലി കത്തിപ്പാറയിലെ വീട്ടിലെത്തി അവിടെ നിന്ന് ഇഡലിപ്പാറ ഉന്നതിയിലെത്തണമെങ്കിൽ ചിലപ്പോ ഒരുമാസം കിട്ടുന്ന ശമ്പളത്തിന്റെ പകുതി കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ് ടീച്ചർക്ക്. ഞാൻ ഈ ജോലി നിർത്തിയാൽ സ്കൂൾ പൂട്ടും. കുടിയിലെ കുട്ടികൾക്ക് അവരുടെ പഠനം നഷ്ടമാകും. പഠിക്കാൻ പോയാൽ ഈ പ്രായത്തിൽ വീട്ടിൽ നിന്ന് ആ മക്കൾക്ക് മാറി നിൽക്കേണ്ടിയും വരും. ഇത് കാണാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോഴും ഇവിടെ ഇങ്ങനെ തുടരുന്നതെന്നും വിജയ ലക്ഷ്മി പറയുന്നു.
സംസ്ഥാന പട്ടിക വർഗ വകുപ്പിന് കീഴിൽ ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ ഏകാധ്യാപക വിദ്യാലയത്തിലാണ് മൂന്ന് പതിറ്റാണ്ടിനോടടുത്ത് വിജയലക്ഷ്മി കുരുന്നുകൾക്ക് അക്ഷര മധുരം നൽകി വരുന്നത്. 1997ലാണ് ഇടമലക്കുടിയിലെത്തുന്നത്. ഇന്ന് കാണുന്ന ഇടമലക്കുടിയായിരുന്നില്ല. കൊടുംകാടായിരുന്നു ചുറ്റും. മൂന്നര മണിക്കൂർ കാൽനടയായി സഞ്ചരിച്ചാണ് ഏകാധ്യാപക വിദ്യാലയത്തിലെത്തിയത് . പല തവണ മുന്നിൽ വന്യമൃഗങ്ങള കണ്ട് ഭയന്ന് വിറച്ചു. എങ്കിലും തന്നെ കാത്തിരിക്കുന്ന കുട്ടികൾക്കായി വിജയക്ഷ്മി പിന്നീടങ്ങോട്ട് കാട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും കുടിയിൽ നിന്നുള്ള വരവും മടക്കവുമൊക്കെ സാഹസികമായിരുന്നതിനാൽ താമസം പതിയെ കുടിയിൽ തന്നെയാക്കി.
ഇപ്പോഴും വഴിയും വാഹന സൗകര്യങ്ങളും കുറവാണ്. അതുകൊണ്ട് തന്നെ അവധിക്കാലത്താണ് അടിമാലിയിലെ വീട്ടിലേക്ക് പോകുന്നത്. മൂന്നാറിൽ നിന്ന് കുടിയിലേക്ക് ദുർഘട പാതയായതിനാൽ 3000 മുതൽ 4000 രൂപ വരെയാണ് ജീപ്പുകൾ തുക ഈടാക്കുന്നത് . കൂടുതൽ പേർ ഉണ്ടെങ്കിൽ ഈ തുക എല്ലാവരും കൂട് ഷെയർ ചെയ്തെടുക്കും. ആളുകൾ കുറഞ്ഞാൽ കൂടുതൽ പണം കൊടുക്കണ്ടി വരും. മുതുവാൻ ഭാഷ സംസാരിച്ചിരുന്ന കുട്ടികളെ ടീച്ചർ പാട്ടിലൂടെയും കഥ പറച്ചിലൂടെയും മലയാളത്തിലേക്കും ഇംഗ്ലീഷ് അക്ഷരങ്ങളിലേക്കും കൈപിടിച്ചുയർത്തി. താൻ ഇവിയൈത്തുമ്പോൾ കുടിയിൽ എസ്.എസ്.എൽ.സി പാസായ ഒറ്റ കുട്ടിപോലും ഉണ്ടായിരുന്നില്ലെന്ന് ടീച്ചർ പറയുന്നു. എന്നാൽ ഇപ്പോൾ ആസ്ഥിതിയൊക്കെ മാറി. നാലാം ക്ലാസിൽ നിന്ന് നിന്നിറങ്ങുമ്പോൾ എല്ലാകുട്ടികൾളും അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകും. ഇടമലക്കുടിയിൽ സർക്കാർ എൽ.പി.സ്കൂൾ വന്നെങ്കിലും ഇഡലിപ്പാറയിലെ ഏകാധ്യാപക വിദ്യാലയം തുടർന്നുപോന്നു. കുട്ടികൾക്ക് സ്കൂളിലെത്താനുള്ള പ്രയാസം മൂലമാണ് ഇത് നില നിർത്തിയത്. 21 കുട്ടികളാണ് ഇപ്പോൾ ഉള്ളത്.
അഞ്ച് വർഷമായി ഇളയമകനും ഒപ്പമുണ്ട്. കാട്ടുപോത്തുകൾ പലപ്പോഴും വീടിന് മുന്നിൽ വരെ വന്നിട്ടുണ്ട്. ഒരിക്കൽ മകന് പാമ്പ് കടിയേറ്റ സംഭവവും വിജയലക്ഷ്മി ഓർത്തെടുത്തു. കുടിക്കാർ തന്നെ പച്ച മരുന്നുകളും മറ്റും ഉപയോഗിച്ച് ചികിത്സിക്കുകയായിരുന്നു. വന വിഭവങ്ങൾ ശേഖരിക്കാനും ജോലിക്കും മറ്റും പോകുന്നതിന് മുൻപ് കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലെത്തിക്കും. പല തവണ മന്ത്രിമാരടക്കമുള്ളവരോടും ഉദ്യോഗസ്ഥരോടും ശമ്പള വർധനവടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഫലമൊന്നുമുണ്ടാകാത്തതിന്റെ നിരാശ ടീച്ചറുടെ വാക്കുകളിലുണ്ട്. എന്റെ കുട്ടികളെ മാത്രം ഓർത്താണ് ഞാൻ പോകാത്തതെന്ന് ആവർത്തിക്കുമ്പോൾ വീടും കുടുംബവും വിട്ട് അക്ഷര വെളിച്ചം പകരാൻ കാട് കയറിയ ടീച്ചറുടെ നൊമ്പരം അധികൃതർ കണ്ണ് തുറന്ന് തന്നെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

