സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച് സെല്ലിന് ഈമാസം തറക്കല്ലിടും
text_fieldsതൊടുപുഴ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ
തേടിയെത്തിയ കായികതാരങ്ങള്‍
തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച് സെല്ലിനായി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന് ഈമാസം തറക്കല്ലിടുമെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്ക് എതിര്‍വശത്ത് റവന്യൂ വകുപ്പില്‍നിന്ന് വിട്ടുകിട്ടിയ 43.24 സെന്റിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നാഷനല്‍ ഹെല്‍ത്ത് മിഷൻ ഒരുകോടി നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്.
2009ലാണ് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ സ്കൂള്‍ -കോളജ് കായിക താരങ്ങള്‍ക്ക് പുറമേ സംസ്ഥാന -ദേശീയ -രാജ്യാന്തര കായിക താരങ്ങള്‍ വരെ ചികിത്സക്ക് ഇവിടെ എത്തുന്നുണ്ട്. റിസര്‍ച് സെല്‍ ആരംഭിച്ചശേഷം നൂറുകണക്കിന് താരങ്ങള്‍ ചികിത്സതേടി. പുതിയ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കായികതാരങ്ങള്‍ക്കായുള്ള കേരളത്തിലെ രണ്ടാമത്തെ സ്പോര്‍ട്സ് ആശുപത്രിയാകുമിത്.
പരിക്കുപറ്റി, ആരോഗ്യം നശിച്ച്, ഫോം മങ്ങി പലതാരങ്ങളും കളിക്കളത്തിന് പുറത്താകുന്ന താരങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യമുണ്ട്. ഇവർക്ക് ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായികക്ഷമത വർധിപ്പിക്കുകയാണ് ആയുർവേദ റിസർച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ലാബ്, ഓപറേഷന് തിയറ്റര്‍, സ്യൂട്ട് റൂം എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാകും. താരങ്ങൾക്ക് പരിശീലന സൗകര്യം, ട്രാക്ക് ഉൾപ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം തുടങ്ങിയവയും ഒരുക്കും. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ഒട്ടേറെ കായികതാരങ്ങള്‍ക്ക് ഇവിടെ ചികിത്സ നല്കാന് കഴിയും. ഇതോടൊപ്പം എം.എൽ.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഈമാസം തന്നെ നടത്താനാണ് ആലോചന.
വിദഗ്ധ ചികിത്സക്ക് കായികതാരങ്ങള്‍ തൊടുപുഴയിൽ
തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങള്‍. തൊടുപുഴ ജില്ല ആശുപത്രിയിലെ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിലാണ് ഏഴ് കായികതാരങ്ങള്‍ ആയുര്‍വേദ ചികിത്സക്കായി എത്തിയത്. അന്തര്‍ ദേശീയ കായികതാരങ്ങളായ സുസ്മിത, കാവേരി പാട്ടില്‍ എന്നിവര്‍ ബംഗളൂരുവിൽ അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളാണ്. ലോങ് ജംപില്‍ മെഡല്‍ ജേതാവായ സുസ്മിത നടുവിനുള്ള വേദനയെ തുടര്‍ന്നാണ് എത്തിയത്. അത്ലറ്റിക്സില് മെഡല്‍ നേടിയ കാവേരി പാട്ടീലിന് മസില് വേദനയാണ്. ഗുജറാത്തില്‍നിന്നുള്ള അനില്‍ ബൊംബാനിയ അത്ലറ്റില് ദേശീയ മെഡല്‍ ജേതാവാണ്. കാല്‍പ്പാദത്തിനാണ് പരിക്കേറ്റത്.
പത്തനംതിട്ട സ്വദേശി ഗ്രേസണ്‍ സാം ഫുട്ബാള്‍ താരമാണ്. നടുവേദനക്കാണ് ഗ്രേസണ്‍ ചികിത്സ തേടുന്നത്. അത്ലറ്റിക്സില് സംസ്ഥാന ടീമിലേക്ക് സെലക്ഷന് ലഭിച്ച കെ. നന്ദകിഷോര്‍ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയാണ്. മസില് വേദനക്കായാണ് ചികിത്സ തേടുന്നത്. ക്രിക്കറ്റില്‍ യൂനിവഴ്സിറ്റി താരവും രാജാക്കാട് സ്വദേശിയുമായ ആദിനാഥ് സതീശന് തോളെല്ലിനാണ് പരിക്കേറ്റത്. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് താരമായ സന്ധ്യ സജീവ് കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ചികിത്സക്കെത്തിയത്. കരാട്ടേ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവാണ് തൊടുപുഴ സ്വദേശിനിയായ സന്ധ്യ സജീവ്.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. ജ്യോതി, സ്പോര്‍ട്സ് ആയുര്‍വേദിക് സെല്‍ കണ്‍വീനര്‍ ഡോ. ആര്. വിനീത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുപ്രിയ പി. മണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ചികിത്സ നല്‍കുന്നത്. ഒരാഴ്ചകൂടി നീളുന്ന ചികിത്സ പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് പൂര്‍ണ കായികക്ഷമതയോടെ ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോ. വിനീത് പറഞ്ഞു. കായികതാരങ്ങള്‍ക്ക് പ്രത്യേക രീതിയിലുള്ള ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുപ്രിയ പി.മണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.