കടൽത്തീരം പക്ഷി സമ്പന്നം; കണ്ടെത്തിയത് 91 ഇനം
text_fieldsതീരപ്രദേശത്ത് കണ്ടെത്തിയ പക്ഷികൾ: 1. ചാരമണൽ കോഴി 2. കല്ലുരുട്ടിക്കാട 3. വലിയ മണൽക്കോഴി 4. വാൾകൊക്കൻ 5. പച്ചക്കാലി
തൊടുപുഴ: കേരളത്തിന്റെ കടൽത്തീരങ്ങൾ അപൂർവ ഇനങ്ങളടക്കം പക്ഷികളാൽ സമ്പന്നമെന്ന് പഠനം. കടൽത്തീരങ്ങളിൽ വിരുന്നുവരുന്ന പക്ഷികളുടെയും കടൽപക്ഷികളുടെയും വൈവിധ്യം വിപുലമാണെന്നും പക്ഷിനിരീക്ഷകരുടെ കൂട്ടായ്മകൾ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി. ഒമ്പത് ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ 91 ഇനങ്ങളിലായി 5573 പക്ഷികളെയാണ് തീരപ്രദേശങ്ങളിൽ കണ്ടെത്തിയത്. ദേശാടകരായ 16 ഇനം തീരപ്പക്ഷികളെയും ഒമ്പത് ഇനം കടൽപക്ഷികളെയും സർവേയിൽ രേഖപ്പെടുത്തി. തീരങ്ങൾ കേന്ദ്രീകരിച്ച് 66 ഇനം സാധാരണ പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. തീരപ്പക്ഷികളിൽ കടൽ മണ്ണാത്തി, ചാര മണൽക്കോഴി, ചെറു മണൽക്കോഴി, വലിയ മണൽക്കോഴി, തെറ്റികൊക്കൻ, വാൾ കൊക്കൻ, വരവാലൻ ഗോഡ്വിറ്റ്, കല്ലുരുട്ടിക്കാട, കടൽക്കാട, കുരുവിമണലൂതി, ടെറെക് മണലൂതി, നീർക്കാട, പച്ചക്കാലി, ചോരക്കാലി തുടങ്ങിയ ഇനങ്ങളെയും കടൽപക്ഷികളിൽ പരാദ മുൾവാലൻ കടൽകാക്ക, കടൽപാത്ത, തവിടൻ കടലാള, വലിയ ചെങ്കൊക്കൻ ആള, കരി ആള, ചോരക്കാലി ആള, വലിയ കടലാള, ചെറിയ കടലാള, ചെങ്കാലൻ തിരവെട്ടി തുടങ്ങിയ ഇനങ്ങളെയുമാണ് പ്രധാനമായും കണ്ടെത്തിയത്. ദേശാടനകാലം ചെലവഴിക്കാൻ ഏതെല്ലാം പക്ഷികൾ ഏതെല്ലാം തീരങ്ങൾ തെരഞ്ഞെടുക്കുന്നു, അവ നേരിടുന്ന വെല്ലുവിളികൾ, ഓരോവർഷവും ദേശാടകരായ നീർപക്ഷികളുടെയും കടൽപക്ഷികളുടെയും എണ്ണത്തിൽ വ്യത്യാസം ഉണ്ടാകുന്നുണ്ടോ, കാലാവസ്ഥ വ്യതിയാനം ഇവയുടെ അതിജീവനത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പഠിക്കാനാണ് സർവേ സംഘടിപ്പിച്ചതെന്ന് നേതൃത്വം നൽകിയ ഡോ. കെ.ജി. ദിലീപ് പറഞ്ഞു.
അടുത്ത അഞ്ചു മാസങ്ങളിലും തുടർച്ചയായി സർവേ നടത്തും. താരതമ്യപഠനത്തിലൂടെ മാത്രമേ കൂടുതൽ നിഗമനത്തിലെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (സി.എൻ.എച്ച്.എസ്) നേതൃത്വത്തിൽ 72 പക്ഷിനിരീക്ഷകർ 32 സംഘങ്ങളായി രാവിലെ ആറ് മുതൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പഠനം നടത്തിയത്. സംസ്ഥാനവ്യാപകമായി പഠനം ഇതാദ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.