പുരസ്കാരത്തിളക്കത്തിൽ ഇടുക്കി
text_fieldsക്ഷീരവികസന വകുപ്പിന്റെ എട്ട് പുരസ്കാരങ്ങള്‍ ഇടുക്കിക്ക്
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ എട്ടെണ്ണം ഇടുക്കി ജില്ലക്ക്. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ അഞ്ച് വിഭാഗങ്ങളിലായാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് എട്ട് പുരസ്കാരങ്ങള്‍ ലഭിച്ചത്. ക്ഷീരോല്പാദന രംഗത്ത് മികച്ച വിജയം കൈവരിച്ച ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസനവകുപ്പ് നല്കുന്ന ഏറ്റവും വലിയ ബഹുമതിയായ സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡിന് ഇളംദേശം ബ്ലോക്കിലെ ഉടുമ്പന്നൂര്‍ കുറുമുള്ളാനിയില്‍ ഷൈന്‍ കെ.ബിയാണ് അര്‍ഹനായത്.
ഷൈന്‍ കെ ബി, ജിന്‍സ് കുര്യന്, നിഷ ബെന്നി, രാമമൂര്‍ത്തി
സംസ്ഥാനത്തെ മികച്ച നോണ്‍-ആപ്കോസ് ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള വർഗീസ് കുര്യന് അവാര്‍ഡിന് ദേവികുളം ബ്ലോക്കിലെ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം അര്‍ഹരായി. ഐ. ഗുരുസ്വാമിയാണ് സംഘത്തിന്റെ പ്രസിഡന്റ്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ജില്ലതല അവാര്‍ഡുകളില്‍ ക്ഷീരസഹകാരി അവാര്‍ഡിന് മൂന്ന് പേരാണ് അര്‍ഹത നേടിയത്. ജനറല്‍ വിഭാഗത്തില്‍ നെടുങ്കണ്ടം ബ്ലോക്കിലെ ജിന്‍സ് കുര്യന്, വനിതാ വിഭാഗത്തില്‍ തൊടുപുഴ ബ്ലോക്കിലെ നിഷ ബെന്നി, എസ്.സി അല്ലെങ്കില്‍ എസ്.ടി വിഭാഗത്തില്‍ കട്ടപ്പന ബ്ലോക്കിലെ ചെല്ലാര്‍കോവില്‍ സ്വദേശി രാമമൂര്‍ത്തി എന്നിവര്‍ക്കാണ് പുരസ്കാരം. 20,000 രൂപയാണ് അവാര്‍ഡ് തുക.
ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച ആപ്കോസ് സംഘം - ചെല്ലാര്‍കോവില്‍ ക്ഷീരോല്പാദക സഹകരണ സംഘം, ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച നോണ്‍ ആപ്കോസ് സംഘം- ദേവികുളം ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, ഏറ്റവും കൂടിയ ഗുണനിലവാരമുളള പാല് സംഭരിച്ച സഹകരണ സംഘങ്ങള്‍- കോടിക്കുളം ക്ഷീരോല്പാദക സഹകരണ സംഘം, അറക്കുളം ക്ഷീരോല്പാദക സഹകരണ സംഘം എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
ഫെബ്രുവരി 18 മുതല്‍ 20 വരെ അണക്കരയില്‍ നടത്തുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.
ചക്കുപള്ളം പഞ്ചായത്ത് നമ്പർ വൺ
വികസന ക്ഷേമ പ്രവർത്തനങ്ങൾ നൂറു ശതമാനം വിജയത്തിലേക്ക് എത്തിക്കാനായതാണ് ചക്കുപള്ളം പഞ്ചായത്തിനെ സ്വരാജ് ട്രോഫിക്കും കാഷ് അവാർഡിനും അർഹമാക്കിയത്
കുമളി: പ്രവർത്തനമികവിൽ ജില്ലയിലെ മികച്ച പഞ്ചായത്തായി തിളക്കമുള്ള നേട്ടം കൈവരിച്ച് ചക്കുപള്ളം പഞ്ചായത്ത്. വികസന ക്ഷേമ പ്രവർത്തനങ്ങൾ നൂറു ശതമാനം വിജയത്തിലേക്ക് എത്തിക്കാനായതാണ് ചക്കുപള്ളം പഞ്ചായത്തിനെ സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫിക്കും കാഷ് അവാർഡിനും അർഹമാക്കിയത്.
പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും സഹകരണവുമാണ് പുരസ്കാര ലബ്ധിക്ക് പിന്നിലെന്ന് പ്രസിഡന്റ് വി.ജെ രാജപ്പൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടാം സ്ഥാനം നേടാനേ പഞ്ചായത്തിന് കഴിഞ്ഞിരുന്നുള്ളു. ഇക്കുറി ഒന്നാമതാകാൻ കൃത്യതയാർന്ന പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ഇടതു മുന്നണി ഭരണത്തിലിരിക്കുന്ന പഞ്ചായത്തിൽ അവാർഡിനായി പരിഗണിച്ച കാലയളവിൽ സി. പി.എമ്മിലെ പി.കെ രാമചന്ദ്രനായിരുന്നു പ്രസിഡന്റ്.
നിലവിൽ സി.പി.ഐയിലെ വി.ജെ രാജപ്പനാണ് പ്രസിഡന്റ്. വികസന പ്രവർത്തനങ്ങൾക്ക് പുറമെ, സമ്പൂർണ ശുചിത്വ പഞ്ചായത്ത്, നികുതി വരുമാനം നൂറു ശതമാനം, ക്ഷേമ പ്രവർത്തനങ്ങൾ, എന്നിവക്ക് പുറമെ അഴിമതിമുക്ത പഞ്ചായത്തെന്ന ഖ്യാതിയും ചക്കുപള്ളത്തിനുണ്ട്.
20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും പ്രശസ്തിപത്രവും 19 ന് കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി സമ്മാനിക്കും.
സ്വരാജ് ട്രോഫി: ഉടുമ്പന്നൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത്
തൊടുപുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂർ. പത്ത് ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയ അവാർഡ് 19 ന് കൊട്ടാരക്കരയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ നേട്ടം കൈവരിക്കാനായതും അവാർഡ് പരിഗണനയിൽ നിർണായകമായി. അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ജനകീയ പങ്കാളിത്തത്തോടെ രൂപവത്കരിച്ച പഞ്ചായത്ത് ദുരിതാശ്വാസ നിധിയും വിവിധ മേഖലകളിലെ മികവുറ്റ പ്രകടനവും അവാർഡ് നിർണയ സമിതി പരിശോധിച്ചു.
വിദ്യാഭ്യാസമേഖലയിലെ അക്കാദമിക് നിലവാരമുയർത്തുന്നതിനായി ജില്ലയിൽ തന്നെ ആദ്യമായി നടപ്പാക്കിയ മികവ് -മനശാസ്ത്ര വിദ്യാഭ്യാസ സഹായ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കിയ വിഷരഹിതമത്സ്യം വീട്ടുവളപ്പിൽ പദ്ധതിയും നൂതന - മാതൃകാ പദ്ധതികളായി പരിഗണിക്കപ്പെട്ടു. ആരോഗ്യ - ശിശു സംരക്ഷണ മേഖലയിലെ മികവാർന്ന പ്രവർത്തനവും മാലിന്യ സംസ്കരണ രംഗത്ത് ഉൾപ്പെടെ സമസ്ത മേഖലയിലും ഉണ്ടായ മുന്നേറ്റത്തിനുള്ള അംഗീകാരമാണ് സ്വരാജ് ട്രോഫി പുരസ്കാരമെന്ന് പ്രസിഡന്റ് എം ലതീഷ് പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമവുംജനങ്ങളുടെ മികച്ച പിന്തുണയുമാണ് നേട്ടത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

