മേൽപറഞ്ഞ ഉദ്യോഗസ്ഥർ ഇവിടെ ഹാജരാകണം..!
text_fieldsതൊടുപുഴ: സംസ്ഥാന വിവരാവകാശ കമീഷണർ വിളിച്ച സിറ്റിങ്ങിൽ ഹാജരാകാതിരുന്ന ദേവികുളം സബ് കലക്ടർക്കും ഇടുക്കി കലക്ടറേറ്റിലെ ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടർക്കും പീരുമേട് തഹസിൽദാർക്കും സമൻസ്.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ തിങ്കളാഴ്ച വിവരാവകാശ കമീഷണർ എ.എ. ഹക്കീം നടത്തിയ സിറ്റിങ്ങിലാണ് ഇവർ പങ്കെടുക്കാതിരുന്നത്. റവന്യൂ സംബന്ധമായ രണ്ട് കേസുകളിൽ ദേവികുളം സബ് കലക്ടർക്കും ഒന്നുവീതം ഇടുക്കി ഡെപ്യൂട്ടി കലക്ടർക്കും പീരുമേട് തഹസിൽദാർക്കും സിറ്റിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂവരും എത്താതിരുന്നതിനെ തുടർന്നാണ് നോട്ടീസ് അയക്കാൻ വിവരാവകാശ കമീഷണർ ഉത്തരവിട്ടത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് വിവരാവകാശ കമീഷണറുടെ ചേമ്പറിൽ ഹാജരാകാനാണ് നിർദേശം. അന്നും എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കുമെന്ന് കമീഷണർ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള 20 കേസുകളുടെ സെക്കൻഡ് അപ്പീൽ കേസുകളാണ് കമീഷണർ പരിഗണിച്ചത്. പ്രധാനമായും റവന്യൂ സംബന്ധിച്ചതും തദ്ദേശ സ്ഥാപന സംബന്ധിയുമായ പരാതികളായിരുന്നു. ഇതിൽ 17 ഫയലുകൾ തീർപ്പാക്കിയതായി അദ്ദേഹം അറിയിച്ചു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വരുമാന മാർഗമായി ചിലർ വിവരാവകാശ നിയമത്തെ ദുരുപയോഗിക്കുന്നു.
സിറ്റിങ്ങിൽ വന്ന പരാതികളിൽ അഞ്ചെണ്ണം ഒരേ ഓഫിസിൽ നൽകിയതാണ്. അപേക്ഷകന് േപാലും തിട്ടമില്ലാത്ത അത്തരം അപേക്ഷകളുടെ പിന്നാലെ പോകുന്നതിനാൽ ഉദ്യോഗസ്ഥർക്ക് ദൈനംദിന പ്രവൃത്തികളിൽ പോലും ഏർപ്പെടാൻ കഴിയുന്നില്ല. വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തിൽ മറുപടി നൽകിയ നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പാലിനെതിരെയും വിവരാവകാശം സംബന്ധിച്ച അപേക്ഷയിൽ ഫയൽ കാണുന്നില്ല എന്ന് മറുപടി നൽകിയ ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വിവരാവകാശ നിയമത്തിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശിൽപശാലകളും ക്ലാസുകളും സംഘടിപ്പിക്കുമെന്നും എ.എ. റഹീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.