നിയമ ലംഘനം; വടിയെടുത്ത് ശുചിത്വ മിഷൻ
text_fieldsതൊടുപുഴ: ശുചിത്വ- മാലിന്യ സംസ്കരണ മേഖലയിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി ശുചിത്വ മിഷൻ. 2025 ൽ ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ 1863 പരിശോധനയാണ് നടത്തിയത്. 649 നിയമലംഘനങ്ങൾ കണ്ടെത്തി. 493 കേസുകളില്‍ 36,78,000 രൂപ പിഴയീടാക്കി. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഡിസ്പോസിബിൾ വസ്തുക്കളുടെ നിരോധനത്തിന് ഹൈകോടതി ഉള്‍പ്പെടെ നിരവധി ഉത്തരവുകളും സർക്കുലറുകളും നൽകിയിരിക്കെയാണ് ഇത്ര നിയമലംഘനങ്ങള്‍. ജില്ല തലത്തില്‍ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്.
പിഴ ഈടാക്കുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളും. 9446700800 നമ്പറിൽ വാട്സാപിൽ റിപ്പോർട്ട് ചെയ്യുന്ന നിയമ ലംഘനങ്ങൾക്കെതിരെയും നടപടികളുണ്ട്. റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നല്‍കും. നിരോധിത വസ്തുക്കളുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവയ്ക്ക് പുറമേ പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ട്.
ജില്ല സ്ക്വാഡുകൾക്ക് പുറമേ ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡും തദ്ദേശ സ്ഥാപനതല വിജിലൻസ് സ്ക്വാഡുമുണ്ട്. തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് ഒരു സ്ക്വാഡ്. രണ്ടാം സ്ക്വാഡ് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ്. ഐ.വി.ഒമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഒന്നിന് തൊടുപുഴ നഗരസഭയുടെയും തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും സ്ക്വാഡ് രണ്ടിന് അടിമാലി ദേവികുളം ബ്ലോക്കുകളുടെയും സ്ക്വാഡ് മൂന്നിന് കട്ടപ്പന, ഇടുക്കി ബ്ലോക്കുകളുടെയും ചുമതലയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

