പരീക്ഷ മൂഡ് ‘ഓൺ’; കുട്ടികൾ ‘കൂൾ’
text_fieldsതൊടുപുഴ ഡോ. എ.പി.ജെ അബ്ദുൽ കലാം സ്കൂളിൽ മോഡൽ പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വിദ്യാർഥികൾ
തൊടുപുഴ: ആഘോഷങ്ങൾക്കെല്ലാം അവധി നൽകി കുട്ടികൾ പരീക്ഷ മൂഡിൽ. പൊതുപരീക്ഷയും ക്ലാസ് പരീക്ഷകളും എഴുതുന്നവരുമെല്ലാം പഠനത്തിരക്കിലാണ്. പരീക്ഷകൾ സംബന്ധിച്ച് കുട്ടികൾ കൂളാണ്. രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമാണ് കൂടുതൽ ‘ടെൻഷൻ’. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. കുട്ടികൾ മോഡൽ പരീക്ഷകളുടെയും ആവർത്തിച്ചുള്ള പഠനത്തിന്റെയും തിരക്കിലേക്ക് മാറി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ ആരംഭിച്ചു. സി.ബി.എസ്.ഇയുടെ 10, 12 ബോർഡ് പരീക്ഷകൾക്ക് ഫെബ്രുവരി 15ന് തുടക്കമായി. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ ബുധനാഴ്ചയും തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെയാണ് നടക്കുന്നത്. മാർച്ച് ആറ് മുതൽ 29 വരെയാണ് പ്ലസ് വൺ പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷകളും നടക്കുന്നുണ്ട്.
മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുകയെന്ന വർഷങ്ങളായി തുടർന്നുവന്ന രീതിക്കും ഈ വർഷം മാറ്റമാകുകയാണ്. ഈ എട്ടാം ക്ലാസ് പരീക്ഷയെഴുതുന്നവർക്ക് 30 ശതമാനമെങ്കിലും മാർക്കുണ്ടെങ്കിൽ മാത്രമേ ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ. അടുത്ത വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും മിനിമം മാർക്ക് നിബന്ധന വരും. വർഷങ്ങളായി എല്ലാവരും ജയിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വരുന്നത് ഗുണകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ. പരീക്ഷക്കാലമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും ആളുകൾ കുറഞ്ഞിട്ടുമുണ്ട്.
എസ്.എസ്.എൽ.സിക്ക് ജില്ലയിൽ 11,229 വിദ്യാർഥികൾ
ഈ വർഷം ജില്ലയിൽ 11,229 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഈ വർഷം വിദ്യാർഥികൾ. കഴിഞ്ഞ വർഷം 11,562 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷയെ അഭിമുഖീകരിക്കാൻ രാവിലെയും വൈകീട്ടും അധിക ക്ലാസുകളും നടന്നിരുന്നു. ആവശ്യമായ കൗൺസലിങ്ങും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 99.79 ശതമാനം വിജയം നേടി സംസ്ഥാനത്ത് നാലാമതായ ഇടുക്കി ഇത്തവണ കൂടുതൽ മികച്ച നേട്ടത്തിനുള്ള പരിശ്രമത്തിലാണ്.
നിയന്ത്രിക്കാം ചിലത്
പരീക്ഷക്കാലമായതോടെ കുട്ടികളുടെ ശീലങ്ങളിൽ നിയന്ത്രണം ആവശ്യമാണ്. മൊബൈൽ ഫോൺ, സാമൂഹ മാധ്യമങ്ങൾ, ടെലിവിഷൻ തുടങ്ങിയവക്കൊക്കെ നിയന്ത്രണം നൽകി തയാറെടുപ്പ് കൃത്യമാക്കാം. കുട്ടികൾക്ക് പഠനത്തിനുള്ള സൗകര്യങ്ങൾ രക്ഷാകർത്താക്കൾ ഒരുക്കി നൽകണം. അതേസമയം, പരീക്ഷയെ സമ്മർദമാക്കാതിരിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

