തൊടുപുഴ: പ്രതിഷേധം കത്തി; വഴിവിളക്കുകൾ തെളിയും
text_fieldsതൊടുപുഴ: നഗരസഭാ പ്രദേശത്ത് 35 വാര്‍ഡിലും നഗര പ്രദേശങ്ങളിലുമായി ദീര്‍ഘനാളായി വഴിവിളക്കുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. നാളുകളായി വഴിവിളക്കുകൾ തെളിയാത്തത് നഗരസഭയിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഉപരോധത്തിനുമടക്കം കാരണമായിരുന്നു. നാലായിരത്തോളം വരുന്ന വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരമായതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ഒരു കരാറുകാരനാണ് വര്‍ക്ക് എടുത്തിരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ വര്‍ക്കുകള്‍ ആരംഭിക്കും. നഗരസഭയുടെ പകുതിയോളം വരുന്ന വാര്‍ഡുകളില്‍ പുതിയ ലൈറ്റുകള്‍ വാങ്ങുന്നതിന് നടപടികള്‍ പൂര്‍ത്തീകരിച്ചു. ബാക്കി വരുന്ന ലൈറ്റുകള്‍ റിപ്പയറിങ്ങിനുശേഷം തീര്‍ത്തും മോശമായ ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തൊടുപുഴ നഗരസഭ വഴിവിളക്കുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങള്‍ ഇതോടുകൂടി പരിഹരിക്കുമെന്ന് ചെയര്മാന് സനീഷ് ജോര്‍ജ് പറഞ്ഞു.
ലൈറ്റുകളുടെ മെയിന്റനന്‍സ് പ്രവൃത്തികള്‍ ദീര്‍ഘകാലമായി ടെന്‍ഡര്‍ നടപടികള്‍ ചെയ്തിട്ടും കരാറുകാര്‍ എടുക്കാതെ ഇരുന്നതും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലും പ്രതിപക്ഷം വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയതോടെ മുനിസിപ്പൽ സെക്രട്ടറിയെയും മുനിസിപ്പൽ എൻജിനീയറെയും കുറ്റപ്പെടുത്തി ചെയർമാനും രംഗത്തെത്തി. കഴിഞ്ഞ ഓണത്തിനു മുമ്പ് നഗരത്തിലെ വഴിവിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കാമെന്ന് താൻ കൗൺസിലിൽ പറഞ്ഞത് സെക്രട്ടറിയും എൻജിനീയറും പറഞ്ഞത് വിശ്വസിച്ചാണെന്ന് ചെയർമാൻ സനീഷ് ജോർജ് കുറ്റപ്പെടുത്തി. എന്നാൽ, ഇപ്പോൾ ഇതൊന്നും ചെയ്യാതെ തന്നെ നാണം കെടുത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും ചെയർമാൻ കൗൺസിൽ യോഗത്തിൽ ആരോപിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അടിയന്തര കൗൺസിൽ വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് പ്രശ്ന പരിഹാരമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.