നായ്ക്കലി; ഭയന്നോട്ടം
text_fieldsതൊടുപുഴ: പേവിഷ ബാധയേറ്റുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലൂടെ നടന്നാലും നാട്ടിൻപുറത്ത് നിന്നാലും നായ്ക്കളെത്തുനുണ്ടോ എന്ന പേടിയിലാണ് ജനം. അത്രകണ്ട് ഭീതി പരത്തുന്നുണ്ട് ഇവയുടെ വിളയാട്ടം. നായെ കണ്ടാൽ ഓടിയൊളിക്കുന്ന സാഹചര്യത്തിലേക്കാണ് നാടിന്റെ പോക്ക്.
12 ദിവസം; നായ്ക്കളുടെ കടിയേറ്റത് 215 പേർക്ക്
ജില്ലയിൽ 12 ദിവസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് 215 പേർക്ക്. തെരുവുനായ്ക്കൾ, വളർത്തുനായ്ക്കൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഏപ്രിലിൽ 400 പേർക്കാണ് ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത്. എന്നാൽ, നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. നായ്ക്കൾ പെരുകുന്നത് തടയാനുള്ള എ.ബി.സി പ്രോഗ്രാം പോലും ഇപ്പോള്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ല.
ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നവര്‍ക്ക് നേരെയും ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയും ഇവറ്റകള് ചില സമയങ്ങളില്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പല സ്ഥലത്തും ആശുപത്രി പരിസരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ്ക്കള്‍ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്.
അപകടകാരികൾ; പൊതുസ്ഥലത്ത് യഥേഷ്ടം ഭക്ഷണം
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെക്കാള്‍ ആക്രമണകാരികളാണ് തെരുവുനായ്ക്കൾ. കേരളത്തിലെ തെരുവുകളില്‍ നായ്ക്കളുടെ എണ്ണം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പലതും മനുഷ്യൻതന്നെ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണെന്ന് മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലത്തുനിന്ന് നായ്ക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഭക്ഷണം കിട്ടുന്നതാണ് ഇതിൽ പ്രധാനം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ഒപ്പം വഴിയോര കടകളില്‍നിന്നുള്ള അവശിഷ്ടങ്ങളും ചേരുമ്പോൾ അത് തെരുവുനായ്ക്കള്‍ക്ക് മൂക്കുമുട്ടെ തിന്ന് വിലസാനുള്ള സന്ദർഭം ഉണ്ടാകുന്നു. വഴിയോരക്കടകളില്നിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നില്ലെന്നും ഉയര്‍ന്ന അളവിൽ പ്രോട്ടീന്‍ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കള്‍ക്ക് സാധാരണ നായ്ക്കളെക്കാൾ കരുത്തുണ്ടാകുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഭക്ഷണം തേടി ഇറങ്ങുന്ന ഇത്തരം നായ്ക്കൾ അപകടകാരികളായി മാറുകയാണ്. അതോടൊപ്പം ഇറച്ചിക്കടകളിൽനിന്ന് ലഭിക്കുന്ന പച്ച മാംസത്തിന്റെ അവശിഷ്ടങ്ങളും ഇവയെ കൂടുതൽ ആക്രമണകാരികളാക്കുന്നു.
ജില്ലയിൽ 7375 തെരുവുനായ്ക്കൾ; കൂടുതൽ ചിന്നക്കനാലിൽ
ജില്ലയിൽ 7375 തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ. കന്നുകാലി സെൻസസിന്റെ ഭാഗമായാണ് തെരുവുനായ്ക്കളുടെ വിവര ശേഖരണവും മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കിയത്. ചിന്നക്കനാലിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾ ഉള്ളത്. 411 നായ്ക്കളെയാണ് ഇവിടെ കണ്ടെത്തിയത്.
കോടിക്കുളം പഞ്ചായത്തിലാണ് ഏറ്റവും കുറവ് നായ്ക്കളുള്ളത് 15 എണ്ണം. അടിമാലി- 308, ആലക്കോട്- 20, അറക്കുളം- 139, അയ്യപ്പൻ കോവിൽ- 235, ബൈസൺവാലി- 167, ചക്കുപള്ളം- 153, ദേവികുളം- 139, ഇടമലക്കുടി- 17, ഇടവെട്ടി- 68, ഏലപ്പാറ- 270, ഇരട്ടയാർ -153, കഞ്ഞിക്കുഴി- 156, കാമാക്ഷി- 122, കാഞ്ചിയാർ- 128, കാന്തല്ലൂർ- 22, കരിമണ്ണൂർ- 126, കരിങ്കുന്നം- 69, കരുണാപുരം- 122, കട്ടപ്പന- 220, കോടിക്കുളം- 15, കൊക്കയാർ- 24, കൊന്നത്തടി- 78, കുടയത്തൂർ- 34, കുമാരമംഗലം- 35, കുമളി- 257, മണക്കാട്- 277, മാങ്കുളം- 275, മറയൂർ- 153, മരിയാപുരം- 178, മൂന്നാർ- 233, മുട്ടം- 38, നെടുങ്കണ്ടം- 57, പള്ളിവാസൽ- 115, പാമ്പാടുംപാറ- 69, പീരുമേട്- 156, പെരുവന്താനം- 102, പുറപ്പുഴ- 24, രാജാക്കാട്- 99, രാജകുമാരി- 21, ശാന്തൻപാറ- 242, സേനാപതി- 86, തൊടുപുഴ- 184, ഉടുമ്പൻചോല- 134, ഉടുമ്പന്നൂർ- 41, ഉപ്പുതറ- 137, വണ്ടന്മേട്- 77, വണ്ടിപ്പെരിയാർ- 351, വണ്ണപ്പുറം- 62, വാത്തിക്കുടി- 181, വട്ടവട- 112, വാഴത്തോപ്പ്- 197, വെള്ളത്തൂവൽ- 130, വെള്ളിയാമറ്റം- 156 എന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം.
കർമപദ്ധതികൾ നിരവധി; ഒന്നും വിജയം കണ്ടില്ല
ജില്ലയിൽ എ.ബി.സി സെന്റർ നിര്‍മിക്കാനുള്ള നടപടികൾ തുടങ്ങിയിട്ട് വര്‍ഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും പ്രാരംഭഘട്ടംപോലും പിന്നിട്ടിട്ടില്ല. കുയിലിമലയിൽ ജില്ല പഞ്ചായത്ത് വിട്ടുനല്‍കിയ അരയേക്കർ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എ.ബി.സി സെന്റർ നിര്‍മിക്കുന്നത്. ഇതിനായി മൂന്നരക്കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ല പഞ്ചായത്തിന്റെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും 52 പഞ്ചായത്തുകളുടെയും ഫണ്ടാണ് പദ്ധതിക്കായി നീക്കിവെച്ചത്. നേരത്തേ രണ്ട് ബ്ലോക്കുകളുടെ പരിധിയിൽ ഒരു സെന്റർ വീതം നാല് കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തുടങ്ങാനായില്ല.
പിന്നീടാണ് ജില്ല ആസ്ഥാനത്ത് ജനവാസമേഖലയിൽനിന്നും മാറി സെന്റർ തുടങ്ങാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. ജില്ല പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോഴുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും വേഗത്തിൽ ലഭ്യമാക്കി നിര്‍മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ജില്ല പഞ്ചായത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.