ഇടുക്കി ജില്ലക്ക് സുവർണ ജൂബിലി സമ്മാനമായി സ്റ്റേഡിയം വരുന്നു
text_fieldsതൊടുപുഴ: ജില്ലക്ക് സുവർണജൂബിലി സമ്മാനമായി വിവിധോദ്ദേശ്യ ഔട്ട്ഡോർ സ്റ്റേഡിയം വരുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാറിന്റെ അനുമതി ലഭിച്ചു. തൊടുപുഴ താലൂക്കിലെ ആലക്കോട് പഞ്ചായത്തിലാണ് 2.83 കോടി ചെലവിൽ സ്റ്റേഡിയം ഒരുക്കുന്നത്. കേന്ദ്രസർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ നടപ്പ് സാമ്പത്തിക വർഷം തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആലക്കോട്-കരിമണ്ണൂർ റൂട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2.62 ഏക്കർ വിപുലമായ സൗകര്യങ്ങളോടെ സ്റ്റേഡിയമായി വികസിപ്പിക്കാനാണ് പദ്ധതി. നിലവിൽ ഈ പ്രദേശം കളിസ്ഥലമായി ഉപയോഗിച്ചുവരുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി ജന് വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പ്രകാരം ഇളംദേശം ബ്ലോക്ക് പഞ്ചായത്താണ് സ്റ്റേഡിയത്തിന്റെ പദ്ധതി റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കിയത്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ പി.എം.ജെ.വി.കെ പദ്ധതിയിലേക്ക് സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിച്ച ഏക ബ്ലോക്കാണ് ഇളംദേശം.
ഔട്ട്ഡോർ സ്റ്റേഡിയത്തിന്റെ രൂപരേഖ
ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി സ്ഥലമുണ്ടെന്നത് നടപടികൾ എളുപ്പമാക്കി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പദ്ധതിയുടെ ഇ-ടെൻഡർ നടപടിയിലേക്ക് കടക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ അജയ്യും പറഞ്ഞു.
ഓപൺ സ്റ്റേജ് മുതൽ ഷോപ്പിങ് കോംപ്ലക്സുവരെ
ഫുട്ബാൾ, വോളിബാൾ കോർട്ടുകൾ, ഓപൺ സ്റ്റേജ്, ടോയ്ലറ്റ് സമുച്ചയം, പാർക്കിങ് ഏരിയ, ഷോപ്പിങ് കോംപ്ലക്സ്, ചുറ്റുമതിൽ എന്നിങ്ങനെ ഏഴ് യൂനിറ്റുകളടങ്ങിയതാണ് നിർദിഷ്ട ഔട്ട്ഡോർ സ്റ്റേഡിയം. ഇത്തരത്തിലുള്ള ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും ഇത്. ബ്ലോക്ക് പഞ്ചായത്തിന് തനത് വരുമാനത്തിനുള്ള ഉറവിടമായാണ് സ്റ്റേഡിയത്തിലെ ഷോപ്പിങ് കോംപ്ലക്സ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും പങ്കിടും. മറ്റ് വകുപ്പുകളിൽനിന്ന് സ്ഥലം മാറിക്കിട്ടുകയോ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ് പദ്ധതിക്ക് സംസ്ഥാന സർക്കാറിന്റെ വേഗത്തിലുള്ള അനുമതി കിട്ടാൻ അനുകൂല ഘടകമായത്.
കായികമേഖലക്ക് മുതൽക്കൂട്ട്
ജില്ലയിൽ നിലവിലുള്ള സ്റ്റേഡിയങ്ങളിൽനിന്ന് വ്യത്യസ്തമായി പൊതുജനങ്ങൾക്ക് കൂടി ആവശ്യാനുസരണം ഉപയോഗിക്കാവുന്ന വിധത്തിലാണ് നിർദിഷ്ട സ്റ്റേഡിയത്തിന്റെ രൂപകൽപന.
ഇതിന് പൊതുജനങ്ങളിൽനിന്ന് നാമമാത്രമായ യൂസർ ഫീ ഈടാക്കും. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും സ്റ്റേഡിയത്തിൽ ഉണ്ടാകും. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നാക്കമുള്ള ജില്ലക്ക് വലിയ മുതൽക്കൂട്ടായിരിക്കും പുതിയ സ്റ്റേഡിയം.
കായികരംഗത്ത് പുതിയ താരങ്ങൾക്ക് ശാസ്ത്രീയ പരിശീലനം നേടി ഉയർന്നുവരാനും സ്റ്റേഡിയം അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

