തൊടുപുഴ: ജീവിതത്തിന്‍റെ ചലനവേഗം നഷ്ടപ്പെട്ട് ഇത്തിരി ആകാശവും പുറത്തെ പച്ചപ്പും മാത്രം സ്വപ്നംകണ്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്കും ഇനി ക്ലാസ്മുറി അനുഭവം സ്വന്തം. ജില്ലയിലെ കിടപ്പുരോഗികളായ കുട്ടികൾക്ക് ക്ലാസ് മുറികളിലെ പഠനാനുഭവങ്ങളും സൗഹൃദത്തിന്‍റെ ഊഷ്മളതയും അനുഭവവേദ്യമാക്കാൻ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ സ്പെഷൽ പ്ലാറ്റ്ഫോം ടു അച്ചീവ് ക്ലാസ് റൂം എക്സ്പീരിയൻസ് ഫോർ ബെഡ്റിഡൺ ചിൽഡ്രൻ (സ്പെയ്സ്) ബുധനാഴ്ച തുടക്കമാകും.
വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിലാണ് 'സ്പെയ്സ്' പേരിൽ പ്രത്യേക സംവിധാനം പൂർത്തിയാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രംവഴി നടപ്പാക്കുന്ന പദ്ധതിയാണ് വാഴത്തോപ്പ് സ്കൂളിൽ സജ്ജമായത്.
ശാരീരിക പരിമിതികൾ കാരണം സ്കൂളുകളിൽ എത്താൻ കഴിയാതെപോയ കുട്ടികൾക്ക് ക്ലാസ് മുറിയുടെ അനുഭവം സമ്മാനിക്കുന്ന പദ്ധതിയിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെയും തെറപ്പിസ്റ്റുകളുടെയും സാധാരണ അധ്യാപകരുടെയും സേവനം ലഭ്യമാക്കും. 'സ്പെയ്സ്' സംവിധാനം സജ്ജീകരിച്ച കെട്ടിടത്തിൽ ഐ.സി.യു ബെഡ്, പ്രത്യേക പഠനോപകരണങ്ങൾ, തെറപ്പി സംവിധാനങ്ങൾ, ആവശ്യമുള്ളവർക്ക് ഡോക്ടറുടെ സേവനം, അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ എന്നിവ ലഭ്യമായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30ന് വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും.
ജില്ലയിൽ കിടപ്പുരോഗികളായ 260 വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് എന്താണ് സ്കൂൾ പഠനമെന്നോ അവിടെ എന്ത് നടക്കുന്നു എന്നോ അറിയില്ല. ആഴ്ചയിൽ ഒരിക്കൽ സ്പെഷൽ എജുക്കേറ്റർമാർ വീടുകളിലെത്തി ക്ലാസ് എടുക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് സ്കൂളിന്‍റെ അന്തരീക്ഷം പരിചയപ്പെടുത്തുകയും മറ്റ് കുട്ടികളുമായി ഇടപഴകാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് 'സ്പെയ്സ്' പദ്ധതി.
ഓരോ ബ്ലോക്ക് റിസോഴ്സ് സെന്‍ററിനും (ബി.ആർ.സി) കീഴിലുള്ള കിടപ്പുരോഗികളായ കുട്ടികളെ ഓരോദിവസം 'സ്പെയ്സ്' കേന്ദ്രത്തിൽ എത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഭാവിയിൽ ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ ജില്ലയിൽ തുറക്കാനും ആലോചനയുണ്ട്.