സ്ഥാനാർഥി ആരുമാകട്ടെ ശബ്ദം അഷ്റഫിന്‍റേത് തന്നെ
text_fieldsകെ.എം.എ. അഷ്റഫ്
തൊടുപുഴ: തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയും മുന്നണിയും നോക്കാതെ എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി വോട്ട് ചോദിക്കുന്ന ഒരാൾ ഇവിടെയുണ്ട്. ആരെയും ആകർഷിക്കുന്ന ആ ശബ്ദഗാംഭീര്യം ഇന്ന് സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. വണ്ണപ്പുറത്ത് കെ.എം.എ മൾട്ടി സ്റ്റുഡിയോ നടത്തുന്ന അഷ്റഫാണ് ഈ ശബ്ദ കലാകാരൻ. ഇടതോ വലതോ ബി.ജെ.പിയോ സ്ഥാനാർഥികൾ ആരായാലും അവർക്കായി വൈഭവത്തോടെ ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ ഇദ്ദേഹം ശബ്ദം റെക്കോഡ് ചെയ്ത് നൽകും. ഒരേ വാർഡിലെ തന്നെ പ്രധാന സ്ഥാനാർഥികൾക്ക് വേണ്ടിയും ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ഭരണപക്ഷത്തിനായി വാഴ്ത്തുപാട്ടുകളും പ്രതിപക്ഷത്തിനായി വിമർശന ശരങ്ങളും സ്വതന്ത്രർക്കായി നിഷ്പക്ഷ വാഗ്ധോരണികളുമെല്ലാം അഷറഫിന്‍റെ കൈയിൽ യഥേഷ്ടമാണ്. ഒരുപതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അഷ്റഫിനെ തേടി ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നായി നിരവധി പേരാണ് എത്തുന്നത്. വാചകങ്ങൾ കാച്ചിക്കുറുക്കി കുറിക്ക് കൊള്ളുന്ന ഡയലോഗുകളാക്കിയാണ് അവതരണം.
അനൗൺസിനൊപ്പം പാരഡിഗാനങ്ങൾ ആവശ്യമുള്ളവർക്ക് അതിനായി പാരഡി സംഘവും ഇവിടെ തയാറാണ്. മാപ്പിളപ്പാട്ട്, സിനിമഗാനം, നാടൻപാട്ട് ഏതുമാകട്ടെ അഷറഫിന്‍റെ സ്റ്റുഡിയോയിൽ സെറ്റ് റെഡിയാണ്. കൂടുതൽ പ്രഫഷനൽ സംഘത്തെ ഉൾപ്പെടുത്തി ഗാനം തയാറാക്കണമെങ്കിലും സൗകര്യമുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് ലൈവ് അനൗൺസറായായിരുന്നു തുടക്കം.
സാങ്കേതികവിദ്യ വളർന്നതോടെ ആ പണി നിർത്തി തന്‍റെ ശബ്ദം റെക്കോഡ് ചെയ്ത് നൽകുകയായിരുന്നു. tകഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ ജില്ലകളിലെ 120 സ്ഥാനാർഥികൾക്കാണ് അഷ്റഫ് ശബ്ദം നൽകിയത്. ഇക്കുറി അത്രത്തോളം എത്തുമോ എന്നറിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ആരവങ്ങൾക്കൊപ്പം അഷറഫും സംഘവും ഉണർന്നു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

